തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ യുഎസുമായി നടത്താനിരുന്ന യോഗങ്ങളും ചര്‍ച്ചകളും റദ്ദാക്കിയതായും ചൈന അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം, മിലിട്ടറി മാരിടൈം കണ്‍സള്‍ട്ടേറ്റീവ് കരാര്‍ തുടങ്ങിയവ സംബന്ധിച്ച് യുഎസുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ചകളാണ് ചൈന റദ്ദാക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്ന രണ്ട് രാജ്യങ്ങളാണ് യുഎസും ചൈനയും. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ഇരുരാജ്യങ്ങളും കരാര്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഗ്ലാസ്ഗോയില്‍ ചേര്‍ന്ന സിഒപി26 ഉച്ചകോടിയില്‍ ധാരണയായിരുന്നു.
അനധികൃത കുടിയേറ്റം, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള നിയമസഹായം, കുറ്റവാളികളുടെ കൈമാറ്റം, അനധികൃത മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളിലുള്ള സഹകരണവും അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു, ദേശീയതയെയും അഖണ്ഡതയെയും ചോദ്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ചൈന യുഎസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
English Summary: Taiwan visit: China with sanctions
You may like this video also