Site iconSite icon Janayugom Online

പറന്നുയര്‍ന്ന് കിവീസ്; ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 21 റണ്‍സ് ജയം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലാന്‍ഡിന് 21 റണ്‍സ് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 152 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‍റിയും ജേക്കബ് ഡര്‍ഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 34ല്‍ നില്‍ക്കെ ലുയാൻ‑ഡ്രെ പ്രിട്ടോറിയസിനെ ആദ്യം നഷ്ടമായി. അതിവേഗം സ്കോര്‍ ഉയര്‍ത്തുന്നതിനിടെ താരത്തെ മാറ്റ് ഹെന്‍റി സീഫെര്‍ട്ടിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ മൂന്നാമനായെത്തിയ റൂബിന്‍ ഹെര്‍മാന്‍ ഒരു റണ്ണുമാത്രമെടുത്ത് മടങ്ങി. സ്കോര്‍ 50ലെത്തിയതും ഓപ്പണറായ റീസ ഹെന്‍റിക്കിനെ മിച്ചല്‍ സാന്റ്നര്‍ ബൗള്‍ഡാക്കി. 12 പന്തില്‍ 16 റണ്‍സാണ് റീസ നേടിയത്. സെനുറാന്‍ മുത്തുസാമി (ഏഴ്), റാസി വാന്‍ ഡെര്‍ ദസന്‍ (ഒമ്പത്) എന്നിവര്‍ നിരാശപ്പെടുത്തി. ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ട് പ്രകടനം പ്രോട്ടീസിനെ 100 കടത്തി. പിന്നാലെ ബ്രവിസിനെ മാറ്റ് ഹെന്‍റി ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ചു. ഇതോടെ സ്കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലായി. ജോര്‍ജ് ലിന്‍ഡെയും (30), ജെറാള്‍ഡ് കോട്സെയും (17) പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ഇഷ് സോധി രണ്ട് വിക്കറ്റും സാന്റ്നര്‍ ഒരു വിക്കറ്റും നേടി. 

57 പന്തില്‍ 75 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം റോബിന്‍സണാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്കോറര്‍. സ്കോര്‍ 27ല്‍ നില്‍ക്കെ സീഫെര്‍ട്ടിനെ ന്യൂസിലാന്‍ഡിന് ആദ്യം നഷ്ടമായി. ഡെവോണ്‍ കോണ്‍വയെ ഒരു വശത്ത് നിര്‍ത്തി സീഫെര്‍ട്ട് സ്കോര്‍ മുന്നോട്ട് ചലിപ്പിക്കുമ്പോള്‍ ലുങ്കി എന്‍ഗിഡിയാണ് താരത്തെ പുറത്താക്കിയത്. 16 പന്തില്‍ 22 റണ്‍സ് നേടിയാണ് സീഫെര്‍ട്ട് മടങ്ങിയത്. അധികം വൈകാതെ കോണ്‍വയെയും പുറത്തായി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. പിന്നാലെ റോബിന്‍സണും ഡാരില്‍ മിച്ചലും ഒന്നിച്ചു. എന്നാല്‍ മിച്ചലിനെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത മിച്ചലിനെ ജെറാള്‍ഡ് കോട്സെ പുറത്താക്കി. പിന്നാലെയെത്തിയ ജെയിംസ് നീഷാമിന് റണ്ണൊന്നുമെടുക്കാനായില്ല. ഇതോടെ അഞ്ചിന് 70 റണ്‍സെന്ന നിലയിലായി. വന്‍ തകര്‍ച്ചയിലേക്ക് പോയ ന്യൂസിലാന്‍ഡിനെ റോബിന്‍സണും ബെവന്‍ ജേക്കബ്സും ചേര്‍ന്ന് കരകയറ്റി. ഇരുവരും പുറത്താകാതെ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബെന്‍ ജേക്കബ്സ് 30 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമുള്‍പ്പെടെ 44 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മഫക രണ്ട് വിക്കറ്റും ലുങ്കി എന്‍ഗിഡി, ജെറാള്‍ഡ് കോട്സെ, സെനുറാന്‍ മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Exit mobile version