വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ദയാധനം സംബന്ധിച്ച് ചര്‍ച്ച തുടങ്ങി. ദയാധനമായി 50 മില്യണ്‍ യെമന്‍ റിയാലാണ് മരിച്ച തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും. യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയുമായി ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത ദൗത്യസംഘത്തെ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയോഗിച്ചിരുന്നു. നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹമാണ് മധ്യസ്ഥം വഹിക്കുന്നത്.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
English summary; Talal’s family demands 50 million Yemeni riyals for Nimishapriya’s release
You may also like this video;