Site iconSite icon Janayugom Online

താലിബാന്‍ ഭീഷണി; ബുര്‍ഖ ധരിച്ച് വാര്‍ത്താ അവതാരകള്‍

താലിബാൻ ഉത്തരവിനു പിന്നാലെ അഫ്ഗാനിസ്ഥാന്‍ വാർത്താ ചാനലുകളിലെ വനിതാ അവതാരകർ വാർത്ത അവതരിപ്പിച്ചത് മുഖം മറച്ച്. സ്ത്രീകൾ പൊതുസ്ഥലത്തും വാര്‍ത്ത അവതരിപ്പിക്കൂമ്പോഴും മുഖം മറക്കണമെന്ന താലിബാൻ നിർദേശം ലംഘിച്ച് കഴിഞ്ഞ ദിവസം വനിതാ അവതാരകർ മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ താലിബാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തി.

മുഖമുള്‍പ്പെടെ മറയ്ക്കുന്ന ബുര്‍ഖ ധരിച്ചാണ് പ്രമുഖ അഫ്ഗാന്‍ ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങളായ ടോളോ ന്യൂസ്, എരിയാന ടെലിവിഷൻ, ഷംഷദ് ടിവി, 1 ടിവി അവതാരകര്‍ വാര്‍ത്ത അവതരിപ്പിച്ചത്.

മുഖംമൂടുന്നതിൽ എതിർപ്പായിരുന്നെന്നും എന്നാൽ ഭരണകൂടം നിർബന്ധിക്കുകയാണെന്നും ടോളോ ന്യൂസ് അവതാരക സോണിയ നിയാസി പറഞ്ഞു. മുഖം മറയ്ക്കാത്ത അവതാരകരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയോ മറ്റേതെങ്കിലും ജോലി കൊടുക്കുകയോ ചെയ്യണമെന്നായിരുന്നു താലിബാൻ നിർദേശം.

എന്നാൽ, വനിതാ അവതാരകരെ നിർബന്ധിച്ച് ജോലിയിൽ നിന്ന് പുറത്താക്കാൻ അധികൃതർക്ക് പദ്ധതിയില്ലെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അകിഫ് സദേഖ് മൊഹാജിർ പറഞ്ഞു. നി‌യമം അനുസരിച്ചില്ലെങ്കിൽ അവതാരകരുടെ മാനേജർമാരുമായും രക്ഷിതാക്കളുമായും സംസാരിക്കും.

വനിതാ അവതാരകരും മാനേജർമാരും രക്ഷിതാക്കളും പിഴ നൽകേണ്ടി വരും. സംവിധാനത്തിനും സർക്കാരിനും കീഴിൽ ജീവിക്കുന്ന ഏതൊരാളും ആ വ്യവസ്ഥയുടെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഡ്രസ് കോഡ് പാലിക്കുന്നില്ലെങ്കിൽ വനിതാ സർക്കാർ ജീവനക്കാരെ പിരിച്ചുവിടണമെന്നും താലിബാന്‍ ഉത്തരവിട്ടു. സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഭാര്യമാരോ മക്കളോ സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ അവരെ പിരിച്ചുവിടുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish summary;Taliban threat; News anchors wear­ing burqas

You may also like this video;

Exit mobile version