Site iconSite icon Janayugom Online

തമിഴ് സംഗീതജ്ഞന്‍ എം സി സബേഷ് അന്തരിച്ചു

പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം സി സബേഷ്(68) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ദേവയുടെ സഹോദരനാണ്. മറ്റൊരു സഹോദരനായ മുരളിക്കൊപ്പവും നിരവധി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധാന സഹായി ആയിട്ടാണ് തുടക്കം. പ്രശാന്ത് ചിത്രം ‘ജോഡി‘യില്‍ പശ്ചാത്തല സംഗീതം ഒരുക്കിയാണ് മുന്‍നിരയിലേക്ക് വരുന്നത്. ‘സമുദിരം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്.

പൊക്കിഷം, കൂടല്‍ നഗർ, മീലാഗ, ഗോരിപാളയം, എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി. 2017 ൽ പുറത്തിറങ്ങിയ ‘കവാത്ത്’ എന്ന ചിത്രത്തിനാണ് അവസാനമായി ഗാനങ്ങള്‍ ഒരുക്കിയത്. ‘മീണ്ടും ഒരു മരിയാതൈ’(2020) എന്ന ചിത്രത്തിനാണ് ഒടുവില്‍ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയത്. ഒക്ടോബർ 24 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ ആണ് സംസ്കാരം. വളസരവാക്കം ചൗധരി നഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ‑സിനിമ മേഖലയിലെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.

Exit mobile version