Site iconSite icon Janayugom Online

സ്വര്‍ണക്കടത്തില്‍ മുന്നില്‍ തമിഴ്നാട്, മഹാരാഷ്ട്ര; ഇതുവരെ പിടികൂടിയത് 9,661 കോടിയുടെ സ്വർണം

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം മൂന്നാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 29,000 കേസുകളിലായി 9,661.60 കോടി രൂപയുടെ സ്വർണം കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2012 മുതൽ 2022 ജൂൺ വരെ രാജ്യത്തുടനീളം 29,506 സംഭവങ്ങളിലായി കസ്റ്റംസും ഡിആർഐയും സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 1543 എണ്ണം ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 7,722 കേസുകളുമായി തമിഴ്‌നാട് ഒന്നാം സ്ഥാനത്തും മഹാരാഷ്ട്ര(7047), കേരളം (5080) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നാലെയുമുണ്ട്. 2022 ലെ ആദ്യ ആറ് മാസങ്ങള്‍ എടുത്താല്‍ സ്വര്‍ണക്കടത്ത് കേസുകളുടെ പട്ടികയില്‍ കേരളം(470) ഒന്നാം സ്ഥാനത്തും തമിഴ്നാടും(435) മഹാരാഷ്ട്രയും(177) തൊട്ടുപിന്നിലുമാണ്. പത്തുവര്‍ഷത്തിനിടെ കർണാടകയിൽ 1,608 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2018ൽ ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ് (1570) ഉണ്ടായത്. 2019ൽ തമിഴ്‌നാട്ടിലാണ് (1186) ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) 15 കേസുകളും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം 29 കേസുകളും രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Tamil Nadu and Maha­rash­tra lead in gold smuggling

You may like this video also

Exit mobile version