തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസ് 28 നിയമസഭാ സീറ്റുകളിലും ഒരു രാജ്യസഭാ സീറ്റിലും മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് സീറ്റുകൾ ഇത്തവണ കോൺഗ്രസിന് അധികമായി ലഭിച്ചു.
35 നിയമസഭാ സീറ്റുകളും രണ്ട് രാജ്യസഭാ സീറ്റുകളുമായിരുന്നു കോൺഗ്രസിന്റെ പ്രാരംഭ ആവശ്യം. എന്നാൽ ഡിഎംകെ ഇത് അംഗീകരിച്ചില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും തമ്മിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പിട്ടത്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഡിഎംകെ നേതാവ് കനിമൊഴിയുടെ ഇടപെടൽ നിർണ്ണായകമായതായാണ് വിവരം.
രാജ്യസഭയിലേക്ക് കോൺഗ്രസ് മീനാക്ഷി നടരാജനെ പരിഗണിക്കുമ്പോൾ, ഡിഎംകെ തങ്ങളുടെ സ്ഥാനാർത്ഥികളായി തിരുച്ചി ശിവയെയും കോൺസ്റ്റന്റൈൻ രവീന്ദ്രനെയും പ്രഖ്യാപിച്ചു. തിരുച്ചി ശിവയ്ക്ക് വീണ്ടും അവസരം നൽകാനാണ് പാർട്ടി തീരുമാനം. ഡിഎംകെ വക്താക്കളുടെ പാനൽ സെക്രട്ടറിയായ രവീന്ദ്രൻ 2016ലാണ് പാർട്ടിയിലെത്തിയത്.

