തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ആറ് മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്തെ എസ് ഐ ആര്‍ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. രാജ്യവ്യാപകമായുള്ള നടപടിയുടെ ഭാഗമായാണ് എസ് ഐ ആര്‍ ഉടൻ തുടങ്ങുന്നതെന്ന് ഇ സി ഐയുടെ കൗൺസൽ നിരഞ്ജൻ രാജഗോപാലൻ ചീഫ് ജസ്റ്റിസ് മണീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി അറുമുരുകൻ എന്നിവരടങ്ങിയ ഫസ്റ്റ് ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
തന്റെ മണ്ഡലത്തിലെ വോട്ടർ പട്ടിക പൂർണ്ണമായും സുതാര്യമായും വീണ്ടും പരിശോധിക്കാൻ ഇ സി ഐക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ എഐഎഡിഎംകെ എംഎൽഎ ബി സത്യനാരായണൻ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ജെ കരുണാനിധിയോട് കേവലം 137 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് സത്യനാരായണൻ പരാജയപ്പെട്ടത്. “തെറ്റായി ആയിരക്കണക്കിന് വോട്ടുകൾ നീക്കം ചെയ്യുകയും ഉൾപ്പെടുത്തുകയും ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ, 137 വോട്ടിന്റെ നേരിയ വ്യത്യാസം തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ മാറ്റം വരുത്തിയ ക്രമക്കേടുകൾ വ്യക്തമാക്കുന്നു,” മുൻ എംഎൽഎ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

