തമിഴ്‌നാട്ടില്‍ വിഷപ്രാണിയുടെ കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് താലൂക്കിലെ എളച്ചിപാളയം ബ്ലോക്കിലുള്ള ഗൗണ്ടംപാളയം ഗവൺമെന്റ് മിഡിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി രക്ഷിതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ നടക്കാനിരിക്കുന്ന സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൃത്ത പരിശീലനത്തിനിടെയായിരുന്നു സംഭവം. നൃത്തം അഭ്യസിക്കുന്നതിനിടയിൽ നെറ്റിയിൽ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. നിമിഷങ്ങൾക്കകം കുട്ടി ബോധരഹിതയായി വീണു. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അവിടുത്തെ സർക്കാർ ആശുപത്രിയിലും എത്തിച്ചു. നില വഷളായതിനെ തുടർന്ന് നാമക്കൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
തമിഴ്‌നാട്ടില്‍ വിഷപ്രാണിയുടെ കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു

