Site iconSite icon Janayugom Online

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു; ഡിഎംകെക്ക് തന്നോട് ഭയമെന്ന് വിജയ്

തമിഴക വെട്രി കഴകത്തിന് ലഭിക്കുന്ന വർധിച്ച പിന്തുണയിൽ ഭരണകക്ഷിയായ ഡിഎംകെ പരിഭ്രാന്തിയിലാണെന്ന് പാർട്ടി അധ്യക്ഷൻ വിജയ്. കലൈഞ്ജർ മഗളീർ ഉറിമൈ തൊകൈ (സ്ത്രീകളുടെ അവകാശ തുക) നേരത്തെ വിതരണം ചെയ്തതും ‘വേനൽക്കാല പ്രത്യേക പാക്കേജ്’ എന്ന പേരിൽ 2,000 രൂപ അധികമായി പ്രഖ്യാപിച്ചതും ടിവികെയോടുള്ള ഭയം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.

സാധാരണയായി എല്ലാ മാസവും 15-ാം തീയതി വിതരണം ചെയ്യാറുള്ള ധനസഹായം ഇത്തവണ രണ്ട് ദിവസം മുൻപേ നൽകിയത് എന്തിനാണെന്ന് വിജയ് എക്സിലൂടെ ചോദിച്ചു. “എങ്ങനെയാണ് പെട്ടെന്ന് 2,000 രൂപയുടെ വേനൽക്കാല പാക്കേജ് പ്രഖ്യാപിച്ചത്? വേനൽക്കാലം ഈ വർഷം മാത്രമാണോ വരുന്നത്?” എന്നും അദ്ദേഹം പരിഹസിച്ചു. ടിവികെയുടെ ചിഹ്നമായ വിസിൽ മുഴങ്ങുന്നത് കേട്ട് ഡിഎംകെ വിറച്ചിരിക്കുകയാണ്. ടിവികെയുടെ രാഷ്ട്രീയ പ്രവേശനമാണ് സർക്കാരിനെക്കൊണ്ട് ഇത് ചെയ്യിച്ചത്. അതിനാൽ സർക്കാർ നൽകുന്ന തുക സ്ത്രീകൾ സന്തോഷത്തോടെ സ്വീകരിക്കണമെന്നും അധികാരത്തിലെത്തിയാൽ ജനങ്ങളോട് യഥാർത്ഥ കരുതലോടെ പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു.

നേരത്തെ, ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ സഹായധനമായ 3,000 രൂപയും അധികമായി 2,000 രൂപ വേനൽക്കാല പാക്കേജും ഉൾപ്പെടെ ആകെ 5,000 രൂപ 1.31 കോടി ഗുണഭോക്താക്കൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ചിലർ ധനസഹായം തടയാൻ ശ്രമിച്ചതിനാലാണ് തുക നേരത്തെ കൈമാറിയതെന്നും അടുത്ത തവണ അധികാരത്തിലെത്തിയാൽ സഹായധനം 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും സ്റ്റാലിൻ ഉറപ്പുനൽകി. സേലത്ത് നടന്ന ടിവികെയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുത്തു.

Exit mobile version