Site iconSite icon Janayugom Online

ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായ പുരുഷനഴ്‌സിന് വനിതാനഴ്‌സായി നിയമനം തഴഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍; നിയമനം നല്‍കാൻ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായ പുരുഷനഴ്‌സിന് വനിതാനഴ്‌സായി നിയമനം നൽകാൻ തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. ജോലി നിഷേധിക്കപ്പെട്ട കാലത്തെ ശമ്പളക്കുടിശ്ശിക നൽകാനും ആവശ്യപ്പെട്ടു. 

കടലൂർ സെൻട്രൽ ജയിലിൽ പുരുഷനഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്ന സി മണിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി കെ ഇളന്തിരയ്യന്റെ ഉത്തരവ്. 2021ല്‍ ജോലിയില്‍ പ്രവേശിച്ച മണി 2024ല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി സർക്കാർ അവധി അനുവദിച്ചെങ്കിലും ലിംഗമാറ്റം നടത്തിയകാര്യം അറിയിച്ചപ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. കൂടാതെ ശമ്പളവും നല്‍കിയില്ല.

കടലൂർ സർക്കാർ ആശുപത്രിയിൽ വനിതാ നഴ്‌സിങ് അസിസ്റ്റന്റിന്റെ ഒഴിവിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയും പരിഗണിക്കപ്പെട്ടില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ പുരുഷനഴ്‌സായാണ് മണി നിയമിക്കപ്പെട്ടതെന്നും ലിംഗമാറ്റം നടത്തിയയാൾക്ക് ആ തസ്തികയിൽ തുടരാൻ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. 

സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി കൊണ്ട് കടലൂർ സർക്കാർ ആശുപത്രിയിൽ ഒഴിവുള്ള വനിതാ നഴ്‌സിങ് അസിസ്റ്റന്റിന്റെ തസ്തികയിൽ മണിയെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 2024 ഡിസംബർമുതൽ കുടിശ്ശികയുള്ള ശമ്പളം നൽകണമെന്നും കോടതി വ്യക്തമാക്കി. 

Exit mobile version