Site iconSite icon Janayugom Online

രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരമാക്കി തമിഴ്‌നാട്

2025–26 സംസ്ഥാന ബജറ്റിന്റെ ഔദ്യോഗിക ലോഗോയില്‍ നിന്ന് ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പുതിയ തീരുമാനം. ഇന്നാണ് ബജറ്റ് അവതരണം.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയ കറന്‍സിയുടെ പൊതു ചിഹ്നം മാറ്റുന്നത്. ഹിന്ദി അക്ഷരമായ ‘ര’ യ്ക്ക് പകരം തമിഴ് അക്ഷരമായ ‘രൂ’ ആണ് പുതിയ ചിഹ്നത്തിലുള്ളത്. തമിഴ് ലോഗോക്കൊപ്പം ‘എല്ലാവര്‍ക്കും എല്ലാം’ എന്ന അടിക്കുറിപ്പുമുണ്ട്. ബിജെപി ഇതിനെതിരേ വ്യാപക വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇതൊരു ഏറ്റുമുട്ടല്‍ അല്ലെന്നും ഡിഎംകെ നേതാവ് ശരവണന്‍ അണ്ണാദുരൈ പ്രതികരിച്ചു. ചിഹ്നത്തിന്റെ മാറ്റം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. 

സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണ് തമിഴ്‌നാടിന്റെ നീക്കം. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും ഡിഎംകെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോര്‍മുലയെ ആണ് തമിഴ്‌നാട് പ്രധാനമായും എതിര്‍ക്കുന്നത്. ഇതേ തുടര്‍ന്ന് തമിഴ്‌നാടിന് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ നല്‍കേണ്ട 573 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ചിരുന്നു. അതേസമയം രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത ഗുവാഹട്ടി ഐഐടി അസിസ്റ്റന്റ് പ്രൊഫസറായ ഡി ഉദയകുമാർ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയതിനാലാകും സര്‍ക്കാരിന്റെ നടപടി. ഇത് പൂർണമായും സർക്കാരിന്റെ തീരുമാനമാണെന്നും ഉദയകുമാർ പറഞ്ഞു. മുൻ ഡിഎംകെ എംഎൽഎയായ എൻ ധർമ്മലിംഗത്തിന്റെ മകനാണ് ഉദയകുമാര്‍. കൊച്ചി-മുസിരിസ് ബിനാലെയുടെ ലോഗോയും ഇദ്ദേഹമായിരുന്നു രൂപകല്പന ചെയ്തത്. 

Exit mobile version