തമിഴ്‌നാട് മന്ത്രി ദുരൈമുരുകൻ സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനെയും ഭാര്യയെയും വെറുതെ വിട്ട വെല്ലൂർ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകൻ നേരിട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കേസിലും മന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്.
3.92 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ബുധനാഴ്ചയാണ് മന്ത്രി ദുരൈമുരുകനെതിരെ കോടതി ഉത്തരവ് ഉണ്ടായത്. 1996 നും 2001 നും ഇടയിൽ കരുണാനിധി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ദുരൈമുരുകനെയും കുടുംബാംഗങ്ങളെയും വെറുതേവിട്ടിരുന്നു. ആ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2007നും 2009നും ഇടയിൽ 1.40 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് രണ്ടാമത്തെ കേസ്. ആറ് മാസത്തിനകം കേസിൽനടപടികൾ പൂർത്തിയാക്കാനാണ് നിലവിലെ കോടതി നിർദേശം.

