Site iconSite icon Janayugom Online

തമിഴ് നാട്ടില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം : സ്റ്റാലിന്‍

MK stalinMK stalin

തമിഴ് നാട്ടില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ കുഞ്ഞങ്ങള്‍ക്ക് ജന്മം നല്‍കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ അസാധാരണമായ ആഹ്വാനം. 2026ല്‍ നടക്കുന്ന അതിര്‍ത്തി നിര്‍ണയത്തില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭ, നിയമസഭ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കും. ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്രത്തെ പരിഹസിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ആഹ്വാനം.നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സ്റ്റാലിന്റെ ഈ ആവശ്യം. ജനസംഖ്യാടിസ്ഥാനത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അതിര്‍ത്തി നിര്‍ണയത്തെ ഉന്നംവച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ പരിഹാസം.

ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ആവശ്യത്തിന് സമയമെടുക്കാന്‍ മുമ്പ് നവദമ്പതികളോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയങ്ങനെ പറയാനാവാത്ത സാഹചര്യത്തിലേക്ക് നമ്മളെ തള്ളിവിട്ടിരിക്കുകയാണ്. അതിനാല്‍ നവദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അവര്‍ക്ക് നല്ല തമിഴ് പേരുകള്‍ നല്‍കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ഇതായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ തമിഴ് നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം കുറയുമെന്ന് സ്റ്റാലിന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

വ്യക്തിപരമായതല്‍പര്യങ്ങള്‍ മാറ്റിവെച്ച് തന്റെ വാക്കുകള്‍ തമിഴ് ജനത കേള്‍ക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നാം കുടുംബാസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതു വിജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രത്തിന്റെ കുടുംബാസൂത്രണ പരിപാടികള്‍ ഇപ്പോള്‍ സംസ്ഥാനത്തിനു തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്.കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരമാണ് തമിഴ്നാട്ടില്‍ ജനസംഖ്യ നിയന്ത്രിച്ചത്. ജനസംഖ്യ കുറഞ്ഞത് കൊണ്ട് മണ്ഡലങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

നിലവില്‍ തമിഴ്നാടിനെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ 39 എംപിമാരാണുള്ളത്. ജനസംഖ്യയെ അടിസ്ഥാനമാക്കി ഓരോ സംസ്ഥാനത്തിനും പാര്‍ലമെന്റില്‍ എത്ര പ്രതിനിധികളെ ലഭിക്കുമെന്ന് ഈ പ്രക്രിയയിലൂടെ നിര്‍ണയിക്കും. 2026 ന് ശേഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡല പുനര്‍വിഭജനത്തില്‍ തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 31 ആയി കുറയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

Exit mobile version