തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കടുക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീക്കം തുടങ്ങി. ഗവര്‍ണര്‍ ആര്‍എന്‍ രവി വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ ദ്വിദിന സമ്മേളനം ഊട്ടിയില്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പോര്‍മുഖം തുറക്കുന്നത്.
ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.പൊന്‍മുടിയാണ് വൈസ് ചാന്‍സലര്‍ നിയമനാധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഗവര്‍ണറാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെി സേര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്ന് പേരില്‍ ഒരാളെയാണ് വൈസ് ചാന്‍സലറായി നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ പ്രത്യേക അധികാരം ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അവമതിക്കലാണെന്നും സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍മാരെ നീക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്‍ പുഞ്ചി കമ്മീഷന്റെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടും സ്റ്റാലിന്‍ ഉദ്ധരിച്ചു. ഗവര്‍ണര്‍ ഊട്ടിയില്‍ വിളിച്ചുചേര്‍ത്ത കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം.
അണ്ണാ ഡിഎംകെയും ബിജെപിയും ബില്ലിനെ എതിര്‍ത്തു. നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പത്ത് ബില്ലുകളും ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കാത്തതിനാല്‍ രാജ്ഭവനില്‍ കെട്ടിക്കിടക്കുകയാണ്.
English summary; Tamil Nadu, the governor-government war continues
You may also like this video;