സാഹിത്യ അവാര്‍ഡ് വിതരണത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ശക്തമായ നിലപാടെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. ഹിന്ദി ഒഴികെ വിവിധ ഭാഷകള്‍ക്ക് വാര്‍ഷിക സാഹിത്യ അവാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബംഗാളി, മറാത്തി, ഉള്‍പ്പടെയുള്ള ഏഴ് ഭാഷകള്‍ക്കാണ് പുരസ്കാരം നൽകുക.
ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (സിഐബിഎഫ് 2026) സമാപന സമ്മേളനത്തിലാണ് സ്റ്റാലിന്‍ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ നിരവധി എഴുത്തുകാരും കലാസാംസ്കാരിക പ്രവര്‍ത്തകരും ഒരു ബദലിനായി തന്നോട് ആവശ്യപ്പെട്ടുവെന്നും സ്റ്റാലിൻ പറഞ്ഞു. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബോധ്യമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

