Site iconSite icon Janayugom Online

അട്ടപ്പാടി ചെക്ക്പോസ്റ്റിൽ തമിഴ്‌നാട് യാത്രാവിലക്ക് ഏര്‍പ്പെടുത്തി

roadroad

വിനോദസഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയായ മുള്ളി-ഊട്ടി റോഡ് ചെക്ക്പോസ്റ്റില്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍.

അട്ടപ്പാടി മുള്ളി ചെക്ക്പോസ്റ്റുവഴി ഊട്ടിയിലേക്കുള്ള പാത തമിഴ്‌നാട് വനം വകുപ്പ് അടച്ചതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ചെക്ക് പോസ്റ്റില്‍ കുടുങ്ങുകയും മടങ്ങിപ്പോവുകയും ചെയ്തത്. വന്യമൃഗങ്ങൾ സ്ഥിരമായുള്ള മേഖലായതിനാൽ സഞ്ചാരികളെ ഇതുവഴി കടത്തിവിടാനാവില്ലെന്നാണ് കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ യാത്രാ വിലക്കിന് നല്‍കുന്ന വിശദീകരണം.

അട്ടപ്പാടി മുള്ളി ചെക്ക്പോസ്റ്റിൽ നിന്നും തമിഴ്‌നാട് വനമേഖലയിലൂടെ മഞ്ചൂർ വഴി ഊട്ടിക്ക് പോകുന്ന പാതയിലാണ് തമിഴ്‌നാട് വനംവകുപ്പ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് 60 കിലോമീറ്റർ മാത്രമാണ് ഇതുവഴിയുള്ള ദൂരമെന്നതിനാൽ വിനോദ സഞ്ചാരികളിൽ പലരും ഈ റോഡാണ് യാത്രക്കായി തിരഞ്ഞെടുക്കാറുള്ളത്. ഇന്നലെ ഉച്ചയോടെയാണ് യാത്രക്കാരെ തടഞ്ഞത്. വിനോദസഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയർക്ക് യാത്രാ വിലക്കില്ലെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം.

വിനോദസഞ്ചാരികളെ കടത്തിവിടരുതെന്ന് കഴിഞ്ഞയാഴ്ച കേരളാ പൊലീസ് ഔട്ട് പോസ്റ്റിൽ തമിഴ്‌നാട് കേരളത്തെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ സംസ്ഥാനതലത്തിൽ ഇതെക്കുറിച്ച് വ്യക്തമായ തീരുമാനമാകാത്തതിനാൽ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് കേരളാ പൊലീസ് മറുപടിയും നൽകി. സംഭവത്തില്‍ കോയമ്പത്തൂര്‍ കളക്ടറോട് പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷി വിവരം തേടിയപ്പോള്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലിക നിയന്ത്രണമാണെന്നും മറ്റുള്ള യാത്രക്കാരെ തടയില്ലെന്നും മറുപടി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Tamil Nadu trav­el ban imposed at Attap­pa­di check post

You may like this video also

Exit mobile version