Site iconSite icon Janayugom Online

ഹിന്ദി വിരുദ്ധ ബില്ലുമായി തമിഴ്നാട്; ഹോര്‍ഡിങ്ങുകള്‍ക്കും പാട്ടുകള്‍ക്കും സിനിമകള്‍ക്കും നിരോധനം

ത്രിഭാഷ നയ വിവാദം കത്തിനില്‍ക്കെ ഹിന്ദി വിരുദ്ധ ബില്ലുമായി ഡിഎംകെ സര്‍ക്കാര്‍. സംസ്ഥാനത്ത് ഹിന്ദി ഗാനങ്ങളും ഹോര്‍ഡിങ്ങുകളും സിനിമകളും നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ അവതരിപ്പിക്കാനാണ് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം ബാക്കിനില്‍ക്കെയാണ് ഹിന്ദി വിരുദ്ധ ബില്ലുമായി സ്റ്റാലിന്‍ രംഗത്ത് വന്നിരിക്കുന്നത്.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ ദ്വിഭാഷ നയമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇപ്പോള്‍ നടന്നുവരുന്ന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി തന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നിയമ വിദഗ്ധരുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഭരണഘടന വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങില്ലെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. ഭരണഘടനയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്നാട് സര്‍ക്കാരിന്റെ വിവാദ ബില്‍ ശുദ്ധ അസംബന്ധമാണെന്ന് ബിജെപി പ്രതികരിച്ചു. ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനുള്ള തീരുമാനം മണ്ടത്തരവും അസംബന്ധവുമാണെന്ന് മുതിര്‍ന്ന നേതാവ് വിനോജ് സെല്‍വം പറഞ്ഞു. ഇതിനിടെ എന്‍ഡിഎ സഖ്യത്തില്‍ ഉള്‍പ്പെട്ട എഐഎഡിഎംകെ നിലപാടാണ് എല്ലാവരും ഊറ്റുനോക്കുന്നത്. ഹിന്ദിക്കായി വാദിക്കുന്ന ബിജെപിയോടൊപ്പം സഹകരിക്കുന്ന എഐഎഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമോ, അതേ നിരാകരിക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Exit mobile version