Site icon Janayugom Online

സ്വവര്‍ഗാനുരാഗം ആരോപിച്ച് തമിഴ്‌നാട്ടുകാരി ശ്രീലങ്കയില്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ നിന്നുള്ള 24 കാരിയേയും ശ്രീലങ്കയിലെ അക്കരപ്പട്ടു സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ 33 കാരിയേയുമാണ് സ്വവര്‍ഗാനുരാഗം ആരോപിച്ച് പിടികൂടിയത്. ശ്രീലങ്കയിലെ കിഴക്കന്‍ നഗരമായ അക്കരപ്പട്ടുവിലാണ് ഇന്ത്യ- ലങ്കന്‍ ലെസ്ബിയന്‍ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് തമിഴ്‌നാട് സ്വദേശിനി ശ്രീലങ്കക്കാരിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയും മറ്റ് കാരണങ്ങളാലും പാസ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍, ഇന്ത്യന്‍ യുവതി ടൂറിസ്റ്റ് വിസയില്‍ ശ്രീലങ്കയില്‍ എത്തി. തുടര്‍ന്ന് കൊളംബോയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അക്കരപ്പട്ടുവിലുള്ള ലങ്കന്‍ യുവതിയുടെ വീട്ടില്‍ താമസിച്ചു. ഇരുവരുടെയും ബന്ധത്തെ എതിര്‍ത്ത ലങ്കന്‍ യുവതിയുടെ പിതാവ് അക്കരപ്പട്ടുവിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ സുഹൃത്തിനൊപ്പം ഇന്ത്യയിലേക്ക് പോകണമെന്ന് ലങ്കന്‍ യുവതി ആവശ്യപ്പെട്ടു. രാജ്യം വിടാന്‍ അനുവദിച്ചില്ലെങ്കില്‍ ഇരുവരും ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി.

പിന്നീട് പൊലീസ് ഇവരെ അക്കരെപട്ടു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. രണ്ട് പേരേയും മനോരോഗ വിദഗ്ധനെ കൊണ്ട് പരിശോപ്പിധിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും മജിസ്ട്രേറ്റ് ഉത്തരവിട്ടു. ജയില്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ കല്‍മുനയിലെ ആശുപത്രിക്ക് സമീപം പ്രവേശിപ്പിച്ച ഇവരെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സഹിതം കോടതിയില്‍ ഹാജരാക്കും. ബ്രിട്ടീഷ് കൊളോണിയല്‍ കാലം മുതലേ ശ്രീലങ്കയില്‍ സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.

Eng­lish sum­ma­ry; Tamil Nadu woman arrest­ed in Sri Lan­ka for homosexuality

You may also like this video;

Exit mobile version