Site iconSite icon Janayugom Online

ബില്ലിങ് സോഫ്റ്റ്‌വേറിൽ കൃത്രിമം; ബിരിയാണി വിറ്റ വകയിൽ 70,000 കോടിയുടെ വെട്ടിപ്പ്

രാജ്യത്തെ റസ്റ്റോറന്റ് ശൃംഖലകൾ കേന്ദ്രീകരിച്ച് നടന്ന വൻ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് പുറത്തുകൊണ്ടുവന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ബിരിയാണി റസ്റ്റോറന്റ് ശൃംഖലകൾ ബില്ലിങ് സോഫ്റ്റ്‌വേറിൽ കൃത്രിമം കാട്ടി 70,000 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായാണ് കണ്ടെത്തൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ അനാലിസിസ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വമ്പൻ തട്ടിപ്പ് തെളിഞ്ഞത്. ഉപഭോക്താക്കൾക്ക് ബില്ല് നൽകിയ ശേഷം സോഫ്റ്റ്‌വേറിന്റെ ബാക്ക് എൻഡിൽ നിന്ന് അവ നീക്കം ചെയ്യുന്ന അത്യാധുനിക രീതിയാണ് ഇവർ സ്വീകരിച്ചത്. ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവ വഴിയുള്ള ഇടപാടുകൾ രേഖകളിൽ കാണിക്കും. എന്നാൽ നേരിട്ട് പണമായി ലഭിക്കുന്ന തുകയുടെ ബില്ലുകൾ മാത്രം തിരഞ്ഞുപിടിച്ച് സിസ്റ്റത്തിൽ നിന്ന് മായ്ച്ചുകളയും.

ഇന്ത്യയിലൊട്ടാകെ ഉപയോഗിക്കുന്ന ബില്ലിങ് സോഫ്റ്റ്‌വേറിലെ 60 ടെറാബൈറ്റ് ഡാറ്റയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഏകദേശം 13,317 കോടിയുടെ ഡിജിറ്റൽ ബില്ലുകൾ ഇത്തരത്തിൽ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. തട്ടിപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മുൻപന്തിയിലുള്ളത്. ആന്ധ്രാപ്രദേശ് 3,641 കോടി. കർണാടക 2,000 കോടി, തെലങ്കാന 1,500 കോടി, തമിഴ്‌നാട് 1,200 കോടി എന്നിങ്ങനെ വെട്ടിപ്പ് കണ്ടെത്തി. 

ഹൈദരാബാദിലെ ബിരിയാണി റസ്റ്റോറന്റുകളിൽ തുടങ്ങിയ പരിശോധന ഇപ്പോൾ രാജ്യത്തെ എല്ലാ പ്രമുഖ റസ്റ്ററന്റ് ശൃംഖലകളിലേക്കും വ്യാപിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഉത്തരവിട്ടു. ബിരിയാണി ഔട്ട്‌ലെറ്റുകൾക്ക് പുറമെ പ്രമുഖ ബേക്കറികൾ, ഫാസ്റ്റ് ഫുഡ് ചെയിനുകൾ എന്നിവയും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. 

Exit mobile version