കർണാടകയിലെ ബുൾഡോസർ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷിൽ പ്രതികരിക്കുന്ന വീഡിയോ ട്രോളുകളിലൂടെ വൈറലായതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി എ എ റഹീം എംപി. റഹീമിന്റെ ഇംഗ്ലീഷിലെ വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടിയയായിരുന്നു ട്രോളുകൾ. താനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്ന് പറഞ്ഞുകൊണ്ട് മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്ന് തുടങ്ങുന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചു.
ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല എന്നും റഹീം കുറിപ്പിൽ പറയുന്നു. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത് എന്നും റഹീം ചൂണ്ടിക്കാട്ടുന്നു.

