Site iconSite icon Janayugom Online

ശബരിമലയില്‍ ടാങ്കർ കുടിവെള്ളം ഒഴിവാക്കി; ദേവസ്വം ബോർഡിന് ലാഭം 3.54 കോടി

കേരള വാട്ടർ അതോറിട്ടി നിലയ്ക്കൽ — സീതത്തോട് കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങിയതിനു ശേഷം നടന്ന ആദ്യ ശബരിമല മണ്ഡല — മകരവിളക്ക് തീർഥാടന കാലത്ത് ടാങ്കർ ലോറി വഴി വിതരണം ചെയ്യേണ്ടിവന്നത് 1,890 കിലോലിറ്റർ വെള്ളം മാത്രം. ടാങ്കർ കുടിവെള്ളം എത്തിക്കേണ്ട സ്ഥിതി ഒഴിവായതോടെ തിരുവിതാംകൂർ ദേവസ്വം ബോ‍‍ർഡിന് 3.54 കോടി രൂപയാണ് ലാഭിക്കാനായത്. കഴിഞ്ഞ വര്‍ഷം 1.02, അതിനു മുൻവർഷം 1.18 ലക്ഷം കിലോ ലിറ്റര്‍ ടാങ്കർ വഴി വിതരണം ചെയ്തിരുന്നതാണ് ഇത്തവണ നിലയ്ക്കലേക്കുള്ള 1,890 കിലോലിറ്ററിലേക്കു ചുരുക്കാനായത്. ഇത്തവണ 1.17 ലക്ഷം കിലോലിറ്റർ വെള്ളം പെെപ്പ്‌ലൈൻ വഴി നിലയ്ക്കലിലെത്തി. ഈ വർഷം ടാങ്കർ വിതരണ ഇനത്തിൽ 6.78 ലക്ഷം രൂപ മാത്രമാണ് ചെലവായത്. കഴിഞ്ഞ മണ്ഡലകാലത്ത് 3.39 കോടിയും 2023–24ല്‍ 3.89 കോടി രൂപയുമായിരുന്നു വിനിയോഗിക്കേണ്ടിവന്നത്. 

സീതത്തോട് – നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂര്‍ണമായി പ്രവർത്തനസജ്ജമാകുമ്പോൾ ടാങ്കർ കുടിവെള്ളം ഒഴിവാക്കാനാകുമെന്ന് വാട്ടർ അതോറിട്ടി വ്യക്തമാക്കിയിരുന്നു. നാമമാത്രമായ ടാങ്കർ കുടിവെള്ള വിതരണവുമായി ഈ തീർത്ഥാടനകാലം പിന്നിടുമ്പോൾ വാ​ഗ്ദാനം നിറവേറ്റാനായതിന്റെ ആഹ്ലാദത്തിലാണ് അതോറിട്ടി. ദിനംപ്രതി 120 മുതൽ 150 വരെ ടാങ്കർ ലോറികൾ ഓടിക്കേണ്ടിവന്നത് ഒന്നോ രണ്ടോ ആയി ചുരുക്കാൻ കഴിഞ്ഞതിലൂടെ ഗതാഗതക്കുരുക്കിനും പരിഹാരമായിട്ടുണ്ട്. ഈ തീർത്ഥാടന കാലത്ത് പമ്പയിൽ 4.69 ലക്ഷം, നിലയ്ക്കലില്‍ 1.17 ലക്ഷം കിലോലിറ്റർ വെള്ളം വീതം 5.87 ലക്ഷം കിലോലിറ്റർ കുടിവെള്ളമാണ് ശബരിമലയിൽ വിതരണലൈൻ വഴിയെത്തിച്ചത്. ഒക്ടോബറിൽ പ്രവർത്തനസജ്ജമായ നിലയ്ക്കൽ — സീതത്തോട് പദ്ധതിക്ക് 94 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 

Exit mobile version