ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകം ജോലി ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും മതപരവും ആത്മീയവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരാധനാമൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പടെ തയ്യാറാക്കുന്ന പാരമ്പര്യ കഴകം ജോലികൾ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങൾക്ക് ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴകം നിയമനം പാരമ്പര്യാവകാശമാണോ കഴകം എന്നത് ആചാരപരമായ പ്രവൃത്തിയാണോ അല്ലയോ എന്നിങ്ങനെയുള്ള വിഷയങ്ങൾ സിവിൽ കോടതിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാർ ആവശ്യപ്പെടുന്നത്.
2005 ലെ കൂടൽമാണിക്യം ദേവസ്വം ആക്ട് പ്രകാരമാണ് ക്ഷേത്രത്തിലെ ഭരണം നടക്കുന്നത്. ഈ നിയമപ്രകാരം ക്ഷേത്രത്തിലെ നിയമനങ്ങൾ നടത്തുന്ന സമിതിയിൽ തന്ത്രി അംഗമായിരിക്കണം എന്നാണ് ഹർജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് കഴകം നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സതീശൻ നമ്പോട്ടോതിരിപ്പാട് ഉൾപ്പടെ ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെഎംഎൻപി എന്ന ലീഗൽ ഫേം ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം പേരുകാരനായ ബി.എ.ബാലു രാജിവെച്ച ഒഴിവിൽ ചേർത്തല സ്വദേശി കെ.എസ്.അനുരാഗിനെ ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിയമിച്ചിരുന്നു.

