Site icon Janayugom Online

താനൂർ ബോട്ടപകടം; മരിച്ചവരുടെ ആശ്രിതർക്ക് 1.5 കോടി നഷ്ടപരിഹാരത്തുക വിതരണം ചെയ്തു

താനൂരിൽ മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കായികമന്ത്രി വി അബ്ദുറഹിമാൻ കൈമാറി. തിരൂർ താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് തുക വിതരണം ചെയ്തത്. ബോട്ടപകടത്തിൽ മരിച്ച 15 പേരുടെ ആശ്രിതർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാരത്തുക കൈമാറിയത്.
ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട പരപ്പനങ്ങാടി സ്വദേശി കുന്നുമ്മൽ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മൽ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഫിദ ദിൽന, ഷഫ്‌ല, ഷംന, അസ്ന എന്നിവരും സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവരുമാണ് ഒരു കുടുംബത്തിന് നഷ്ടമായത്. ഭാര്യ ജൽസിയ മകൻ ജരീർ എന്നിവരെ നഷ്ടമായ കുന്നുമ്മൽ മുഹമ്മദ് ജാബിറും മന്ത്രിയിൽ നിന്ന് തുക ഏറ്റുവാങ്ങി. 

അപകടത്തിൽ മരണപ്പെട്ട താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരൻ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ ഭാര്യ മുനീറയുടെ അഭാവത്തിലാണ് ഭർത്താവിന്റെ സഹോദരന് തുക കൈമാറിയത്. അപകടത്തിൽ മരണപ്പെട്ട പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധീഖ്, മക്കളായ ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസാൻ എന്നിവർക്കുള്ള നഷ്ടപരിഹാര തുക സഹോദരി സൽമയാണ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് താനൂരിൽ ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു.

Eng­lish Summary;Tanur boat acci­dent; 1.5 crore com­pen­sa­tion was dis­trib­uted to the depen­dents of the deceased
You may also like this video

Exit mobile version