Site iconSite icon Janayugom Online

സ്കൂളിലെ ടാപ്പുകള്‍ പള്ളിക്ക്; ടാപ്പുകള്‍ മോഷ്ടിക്കുന്ന കള്ളനെ തേടി പൊലീസ്

ലോഹ ടാപ്പുകള്‍ മോഷ്ടിച്ചാലും പകരം ടാപ്പുകള്‍ സ്ഥാപിച്ച് നല്‍കുന്ന കള്ളനെ തേടി പൊലീസ്. കഴിഞ്ഞ ദിവസം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ കള്ളൻ സ്ഥാപിച്ച പ്ലാസ്റ്റിക് ടാപ്പുകൾ മാങ്ങാനം എൽ.പി സ്കൂളിലേത് എന്ന് വ്യക്തമായി. കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ ഓഡിറ്റോറിയത്തിലെ കള്ളൻ സ്ഥാപിച്ച ആറ് പ്ലാസ്റ്റിക് ടാപ്പുകൾ മാങ്ങാനം എൽപി സ്‌കൂളിലേതാണെന്ന് തെളിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽസ്ഥാപിച്ചിരുന്ന 20 സ്റ്റെയിൻലെസ്റ്റിൽ ടാപ്പുകളുടെ മോഷണം നടന്നത്. എന്നാൽ ഇവയ്ക്ക് പകരം പ്ലാസ്റ്റിക് ടാപ്പുകൾ സ്ഥാപിച്ചു കൊണ്ടായിരുന്നു വ്യത്യസ്തമാർന്ന കവർച്ച നടന്നത്. ഈ പ്ലാസ്റ്റിക്ക് ടാപ്പുകളിൽ ആറ് എണ്ണം വെള്ളിയാഴ്ച ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള മാങ്ങാനം സ്‌കൂളിലെ ടാപ്പുകളാണെന്ന് വ്യക്തമായി.വ്യത്യസ്‌നായ ഈ മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കൊല്ലാട് പള്ളിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിൽ നിന്നും മോഷ്ടിച്ച പൈപ്പുകളുടെ ടാപ്പുകളാണ് പിറ്റേന്ന് കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ ഓഡിറ്റോറിയത്തിലെ ടാപ്പുകളിൽ സ്ഥാപിച്ച നിലയിൽ കണ്ടെത്തിയത്. 

ഇതു സംബന്ധിച്ചു സ്‌കൂൾ അധികൃതർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ നിന്നും മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ക്യാമറാ ദൃശ്യം ലഭിച്ചതോടെ ആശ്വാസത്തിനാണ് മാങ്ങാനം നിവാസികൾ. തിരുവോണ ദിവസം സ്‌കൂളിൽ നിന്നും പത്ത് പ്ലാസ്റ്റിക്ക് ടാപ്പുകൾ മോഷണം പോയിരുന്നു. ഈ ടാപ്പുകളാണ് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ പള്ളിയിലെ കാസ്റ്റ് അയൺ ടാപ്പുകൾ മോഷ്ടിച്ച ശേഷം ഇവിടെ സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ പ്ലാസ്റ്റിക്ക് പൈപ്പുകൾ മോഷണം പോയതായി കണ്ടെത്തിയതോടെ പത്തു ദിവസം മുൻപാണ് മാങ്ങാനം എൽപി സ്‌കൂളിൽ പുതിയ പ്ലാസ്റ്റിക്ക് ടാപ്പുകൾ സ്ഥാപിച്ചത്. ഈ ടാപ്പുകൾ വെള്ളിയാഴ്ച മോഷണം പോകുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സ്‌കൂളിലെ ജീവനക്കാർ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയപ്പോഴാണ് ടാപ്പുകൾ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് ഇവർ ഈസ്റ്റ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഏതായാലും മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ പള്ളിയിൽ നിന്നും ടാപ്പ് മോഷണം പോയ വിവാദത്തിന് വഴിത്തിരിവുണ്ടായതിന്റെ ആശ്വാസത്തിലാണ് മാങ്ങാനം നിവാസികൾ.

Exit mobile version