Site iconSite icon Janayugom Online

2022ല്‍ കേരളത്തിൽ 1,00,000 ചെറുകിട സംരംഭങ്ങൾ തുടങ്ങുക ലക്ഷ്യം: മന്ത്രി പി രാജീവ്

2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ(കീഡ്) സംരംകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും ഉത്തരവാദിത്ത വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു. എത്രപേർക്കു പരിശീലനം നൽകി എന്നതിലല്ല, എത്ര സംരംഭകരെ സൃഷ്ടിച്ചു എന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡം. പശ്ചിമഘട്ട സംരക്ഷണം, തീരസംരക്ഷണം, തണ്ണീർത്തട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പരിമിതികൾ മനസിലാക്കിയുള്ള വ്യവസായ വികസനമാണു സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സംരംഭകത്വ വികസനത്തിനായി എം.എസ്.എം.ഇകൾ, ക്ലസ്റ്ററുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടണം. നിലവിൽ 16 ക്ലസ്റ്ററുകളാണു സംസ്ഥാനത്തുള്ളത്. ഇതു വ്യാപിപ്പിക്കും. ഓരോ ഗ്രാമത്തിലും ചെറിയ ക്ലസ്റ്ററുകൾ തുടങ്ങണം. കോമൺ ഫെസിലിറ്റി സെന്ററുകളും കൂടുതലായി ആരംഭിക്കണം. സംരംഭകനാകാൻ ആഗ്രഹിച്ചെത്തുന്നവരെ മികച്ച സംരംഭകരായി തിരികെ അയക്കാനുള്ള എല്ലാ സംവിധാനവും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിന്(കീഡ്) ഉണ്ടാകണം. സംരംഭകർക്ക്് സാങ്കേതികവിദ്യ, മാർക്കറ്റിങ്, മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം നൽകാൻ കഴിയുന്ന സ്ഥാപനമായി കീഡ് വികസിക്കണം. കുട്ടികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 700 ഓളം സംരംഭകത്വ വികസന ക്ലബുകൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തോടെ ഇത് 1,000 ആക്കി ഉയർത്തും. കാർഷിക മൂല്യവർധിത ഉത്പന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മൂവായിരം പേർക്ക് രണ്ടു ഘട്ടമായി പരിശീലനം നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കീഡിന്റെ മാസ്റ്റർ പ്ലാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനു മന്ത്രി കൈമാറി. കീഡിന്റെ ലോഗോയും പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. സുധീർ, കീഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ശരത് വി. രാജ്, പ്രോഗ്രാം എക്സിക്യൂട്ടിവ് ആർ. രാഹുൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Tar­get to start 100,000 small enter­pris­es in Ker­ala by 2022: Min­is­ter P. Rajeev

You may like this video also

Exit mobile version