Site icon Janayugom Online

വോട്ട് തട്ടല്‍ ലക്ഷ്യം; പെട്രോള്‍ പമ്പുകളില്‍ മോഡി ഗ്യാരന്റി ബോര്‍ഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ മോഡി ഗ്യാരന്റി ബോര്‍ഡ് സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച് രാജ്യത്തെ ചില്ലറ ഇന്ധന വില്പനശാല അധികൃതര്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കി. മോഡിയുടെ ഗ്യാരന്റി എന്ന മുദ്രാവാക്യം പ്രിന്റ് ചെയ്ത ഫ്ലക്സ് ബോര്‍ഡുകളാണ് പമ്പുകളില്‍ സ്ഥാപിക്കുക. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തശേഷം അവിടെ മോഡി ബോര്‍ഡ് സ്ഥാപിക്കാനാണ് നിര്‍ദേശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബോര്‍ഡ് സ്ഥാപിച്ച വിവരം പെട്രോള്‍ പമ്പ് മാനേജര്‍മാര്‍ എണ്ണ കമ്പനികളുടെ പ്രാദേശിക തലത്തിലെ മാനേജര്‍മാരെ അറിയിക്കണം. നിര്‍ദിഷ്ട ബോര്‍ഡുകള്‍ എത്രയും വേഗം സ്ഥാപിക്കണമെന്നും പെട്രോളിയം മന്ത്രാലയം നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഉജ്വല യോജന വഴി ലഭിക്കുന്ന സൗജന്യ സിലിണ്ടര്‍ പദ്ധതിയുടെ ബോര്‍ഡുകള്‍ക്ക് പകരമാണ് പുതിയ ഗ്യാരന്റി ബോര്‍ഡ് സ്ഥാപിക്കുന്നത്. 40 X 20 നീളത്തിലും വീതിയിലുമുള്ള രണ്ട് ബോര്‍ഡുകള്‍ വലിയ പമ്പുകളിലും ഇതിന്റെ പകുതി വലിപ്പത്തിലുള്ള ബോര്‍ഡ് ചെറിയ പമ്പുകളിലും സ്ഥാപിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത് വരെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. അതിനുശേഷം ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നീ പൊതുമേഖല എണ്ണക്കമ്പനികളുടെ റീട്ടെയില്‍ പമ്പുകളിലാണ് ബോര്‍ഡ് സ്ഥാപിക്കുന്നത്. രാജ്യത്തെ 90 ശതമാനം പമ്പുകളും ഈ മുന്നു കമ്പനികളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഡിയുടെ ചിത്രം ആലേഖനം ചെയ്ത പരസ്യം ദിനപ്പത്രം വഴി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതാത് സംസ്ഥാനത്തെ മുഖ്യമന്ത്രി-ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരുടെ ചിത്രങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തും. ബിജെപി ഭരിക്കാത്ത തെലങ്കാന, ഒഡിഷ എന്നിവിടങ്ങളില്‍ ഇന്നലെ ബിജെപി അനുകൂല മാധ്യമങ്ങളായ ഡെക്കാണ്‍ ക്രോണിക്കിള്‍, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവ മോഡിയുടെ മുഴുവന്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. 

Eng­lish Summary:Targeting vote rig­ging; Modi Guar­an­tee Board on Petrol Pumps
You may also like this video

Exit mobile version