Site iconSite icon Janayugom Online

ടാറ്റ ഗ്രൂപ്പും ഷാപൂര്‍ജി പല്ലോന്‍ജിയും വഴിപിരിയുന്നു

ടാറ്റാ ഗ്രൂപ്പ് നേതൃത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കഴിഞ്ഞദിവസം ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ വിവാദ വഷയങ്ങള്‍ ചര്‍ച്ചയായില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ടാറ്റാ സണ്‍സിനെ പൊതുകമ്പനിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷാപൂര്‍ജി പല്ലോന്‍ജി (എസ്‌പി) ഗ്രൂപ്പുമായുള്ള ബന്ധം ഭാഗികമായി അവസാനിപ്പിക്കാന്‍ ടാറ്റ ശ്രമിക്കുന്നെന്ന് സൂചനയുണ്ട്.

നിലവില്‍ ടാറ്റ സണ്‍സില്‍ എസ്‌പിക്ക് 18 % ഓഹരിയുണ്ട്. ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമയാണിവര്‍. ഈ ഓഹരികള്‍ ഈടായി നല്‍കി ഏതാണ്ട് 10,000 കോടി ഇവര്‍ വായ‍്പയെടുത്തിട്ടുണ്ട്. ഡിസംബറോടെ ഇത് തിരിച്ചടച്ചേക്കും. എസ്‌പി ഗ്രൂപ്പുമായി ബന്ധമുള്ള മെഹ‍്‍ലി മിസ്ത്രി കുടുംബത്തിന്റെ കടം 25,000–30,000 കോടിയാണെന്ന് കണക്കാക്കുന്നു. ഇത് ടാറ്റാ ഗ്രൂപ്പിന്റെ മൊത്തം കടമായ 55,000–60,000 കോടിയുടെ ഏകദേശം പകുതിയാണ്.

ടാറ്റാ സണ്‍സ് പബ്ലിക് കമ്പനി ആക്കുക വഴി എസ്‌പി ഗ്രൂപ്പിന് ഓഹരികള്‍ പൊതു വിപണിയില്‍ വിറ്റഴിക്കാനും നല്ല വില ഉറപ്പാക്കാനുമാകും. ടാറ്റ സണ്‍സ് നേരിട്ട് ഓഹരി തിരികെ വാങ്ങിയാല്‍ 36% മൂലധന നേട്ടമുണ്ടാക്കാനാകും. അഥവാ വാങ്ങിയ വിലയെക്കാള്‍ 36% ലാഭത്തിന് വില്‍ക്കാനാകും.

ഇന്നലെ നടന്ന യോഗം ടാറ്റയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്കുള്ള ധനസഹായത്തെക്കുറിച്ചും ഗ്രാമവികസന പദ്ധതികളെപ്പറ്റിയുമാണ് ചര്‍ച്ച ചെയ്തതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ടാറ്റാ സണ്‍സിന്റെ 66% ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റിലെ തര്‍ക്കത്തോടെയാണ് ഭിന്നത ഉടലെടുത്തത്. ഇതോടെ ബോര്‍ഡ് ഡയറക്ടര്‍മാരുടെ നിയമനം ഉള്‍പ്പെടെ അനിശ്ചിതത്വത്തിലായി.

30 ലിസ്റ്റഡ് സ്ഥാപനങ്ങളടക്കം 400ലധികം കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന 18,000 കോടി ഡോളര്‍ മൂല്യമുള്ള വ്യവസായ സാമ്രാജ്യത്തിന്റെ ഭരണം ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ഇന്ത്യന്‍ സമ്പദ‍്‍വ്യവസ്ഥയുടെ ഏതാണ്ട് എല്ലാ മേഖലകളെയും ബാധിക്കുന്ന കാര്യമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

2024 ഒക്ടോബറില്‍ രത്തന്‍ ടാറ്റയുടെ മരണത്തോടെ ചെയര്‍മാനായ നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ കമ്പനിയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും സുതാര്യതയ്ക്കും പ്രാധാന്യം നല്‍കുന്ന ഒരു സംഘവും ടാറ്റാ സണ്‍സിലെ ഓഹരികള്‍ കൈവശമുള്ള രണ്ടാമനായ ഷാപൂര്‍ജി പല്ലോന്‍ജി കുടുംബവുമായി ബന്ധമുള്ള മെഹ‍്‍ലി മിസ്ത്രിയും തമ്മിലാണ് പോര്.

Exit mobile version