സംസ്ഥാനത്തെ ഏറ്റവും വലുതും ഏറ്റവുമധികം വരുമാനമുള്ളതുമായ നെടുമ്പാശേരി വിമാനത്തവളം സ്വന്തമാക്കാനുള്ള ടാറ്റയുടെ നീക്കങ്ങള്‍ക്ക് വേഗതയേറി. ഓഹരികളില്‍ 3.2 ശതമാനം ടാറ്റയ്ക്ക് ഇന്നലെ സ്വന്തമായി. ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയിലൂടെയാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്.
വിമാനത്താവള കമ്പനിയായ സിയാലിലെ ഏറ്റവും വലിയ ഓഹരിയുടമ 32.41 ശതമാനം ഓഹരികളുള്ള സംസ്ഥാന സര്‍ക്കാരാണ്. ഓഹരികള്‍ വാങ്ങിക്കൂട്ടി സര്‍ക്കാരിനെ പിന്നിലാക്കി വിമാനത്താവളം കയ്യടക്കാനുള്ള കോര്‍പ്പറേറ്റ് ഭീമന്‍ ടാറ്റയുടെ പദ്ധതി ഈയടുത്തു പുറത്തുകൊണ്ടുവന്നത് ‘ജനയുഗ’മായിരുന്നു. ഘട്ടംഘട്ടമായി ചെറുതും വലുതുമായ ഓഹരിയുടമകളുടെ ഓഹരികള്‍ വാങ്ങാനുള്ള ഈ പദ്ധതിക്കു തുടക്കമിട്ടത് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ വിലയ്ക്കു വാങ്ങിയതോടെയാണ്. ഇന്നലെ സിയാലിന്റെ 3.2 ശതമാനം ഓഹരികള്‍ വാങ്ങി ‘നെടുമ്പാശേരി യുദ്ധ’ത്തിനു പടനീക്കമാരംഭിക്കുകയും ചെയ്തു. ടാറ്റയ്ക്ക് നെടുമ്പാശേരി വിമാനത്താവള കമ്പനിയായ സിയാലില്‍ ഓഹരി പങ്കാളിത്തമില്ല. എന്നാല്‍ എയര്‍ ഇന്ത്യക്ക് 3.42 ശതമാനം ഓഹരികളുണ്ട്. എയര്‍ ഇന്ത്യ ടാറ്റയുടെ സ്വന്തമായതോടെ ഈ ഓഹരികളുടെ ഉടമയായി ടാറ്റ മാറി. മിനിഞ്ഞാന്നു വാങ്ങിയ 3.2 ശതമാനവും ചേര്‍ന്നപ്പോള്‍ 6 ശതമാനത്തിലധികം ടാറ്റയുടെ കയ്യിലായി.
സ്വകാര്യവല്ക്കരിക്കപ്പെടുന്ന ഭാരത് പെട്രോളിയത്തിന്റെ 6.84 ശതമാനം, ഹഡ്കോയുടെ 6.8 ശതമാനം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 3 ശതമാനം, സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്ന് ഒളിച്ചോടി ഇന്ത്യയില്‍ കഴിയുന്ന ഡോ. ബി ആര്‍ ഷെട്ടിയുടെ മൂന്നു ശതമാനം എന്നിങ്ങനെയുള്ള ഓഹരികള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ കേന്ദ്രത്തേയും റിസര്‍വ് ബാങ്കിനെയും ഇടപെടുത്തി വാങ്ങാനുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. സി വി ജേക്കബ്, എന്‍ വി ജേക്കബ് എന്നീ പ്രവാസി കോടീശ്വരന്മാരുടെ സിയാലിലുള്ള ഓഹരികളും വാങ്ങാന്‍ പദ്ധതിയുണ്ട്. ഇത്രയുമാകുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ സിയാലിലെ 32.41 ശതമാനത്തെ മറികടക്കാനാവുമെന്നാണ് കണക്ക്.
മറ്റ് വമ്പന്‍ ഓഹരിയുടമകളുടെ ഓഹരികള്‍ തട്ടിയെടുക്കാന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ ഇ ഡിയേയും സിബിഐയേയും രംഗത്തിറക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. 6.3 ശതമാനം ഓഹരിമൂല്യമുള്ള സിന്തര്‍ജിക് ഇന്‍ഡസ്ട്രീസ് ആണ് ഇക്കാര്യത്തില്‍ ഇഡി വഴിയുള്ള ടാറ്റയുടെ ആദ്യലക്ഷ്യമെന്നും സൂചനയുണ്ട്.
English Summary: Tata has taken steps to capture Nedumbassery
You may like this video also