Site icon Janayugom Online

താതവാക്യമോ തായ്‌മൊഴിയോ ധർമ്മശാസനം!

”ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി” എന്ന ശ്രീരാമവാക്യം ദേശാഭിമാന മുദ്രാവാക്യമാക്കിയവർ നമ്മുടെ നാട്ടിലുണ്ട്. ‘പെറ്റമ്മയും പിറന്ന നാടും സ്വർഗത്തെക്കാൾ വലുതാണ്’ എന്നാണർത്ഥം. ധർമ്മാനുഷ്ഠാനങ്ങൾ സ്വർഗപ്രാപ്തിക്കാണെന്നാണ് വൈദികധർമ്മം പഠിപ്പിക്കുന്നത്. പിതാവിന്റെ വാക്കുകള്‍ അനുസരിക്കൽ ധർമ്മാചരണമാണെന്ന് കരുതുന്ന ശ്രീരാമൻ ധർമ്മാചരണം കൊണ്ട് സിദ്ധിക്കേണ്ട സ്വർഗപ്രാപ്തിയെ സ്വർഗത്തെക്കാൾ വലുതാണ് പെറ്റമ്മ എന്നതിലൂടെ നിഷേധിക്കുന്നില്ലേ? ഉണ്ട് എന്നുതന്നെയാണുത്തരം. പക്ഷേ സ്വർഗത്തെക്കാൾ വലുതായി കാണുന്ന ജനനിയുടെ വാക്കുകളെ നിർണായക സന്ദർഭത്തിൽ രാമൻ അനുസരിക്കുന്നുമില്ല. രാമായണത്തിലെ ഈ നിർണായക സന്ദർഭം, രാമാഭിഷേകം കൈകേയി മുടക്കുന്നതും രാമൻ കാനനവാസത്തിനു നിയോഗിക്കപ്പെടുന്നതുമാണ്. ഈയവസരത്തില്‍ ദശരഥവാക്യം എന്ന നിലയിൽ കൈകേയി പറയുന്നതനുസരിച്ച്, രാജ്യം ഭരതന് വിട്ടുകൊടുത്ത് കാട്ടിലേക്ക് പുറപ്പെടാൻ തയ്യാറാകുന്നു.

 


ഇതൂകൂടി വായിക്കൂ; പുത്രകാമേഷ്ടിയിലെ പശുബലി


രാമന്റെ തീരുമാനം തിരുത്താൻ പെറ്റമ്മയായ കൗസല്യ ആവശ്യപ്പെടുകയും അതിനായി ധർമ്മന്യായങ്ങൾ പറയുകയും ചെയ്തു. വാല്മീകി രാമായണത്തിലും അധ്യാത്മ രാമായണത്തിലും കൗസല്യാവാക്യം ഏകദേശം ഒരേരീതിയിൽ തന്നെയാണ് അവതരിപ്പിച്ചു കാണുന്നത്. ”പിതാഗുരുര്യഥാ രാമ! തവാഹമധികാ തതഃ\പിത്രാജ്ഞപ്തോ വനം ഗന്തും വാരയേയമഹം സുതം”(അധ്യാത്മ രാമായണം മൂലം സർഗം 4; ശ്ലോകം 12) എന്നാണ് കൗസല്യാവാക്യം. ‘അച്ഛൻ ഗുരുസ്ഥാനത്തുളള ആൾ തന്നെയായാലും അതിലധികം സ്ഥാനമെനിക്ക് നിന്നിലുണ്ട്; രാമ, നിന്നോടു കാട്ടിൽ പോകാൻ അച്ഛൻ കല്പിച്ചതിന്നു പാടില്ല എന്നു ഞാന്‍ മുടക്കം ചെയ്യുന്നു’ എന്നതാണ് കൗസല്യാമാതാവ് പറഞ്ഞതിന്റെ സാരം. പക്ഷേ അച്ഛന്റെ ആജ്ഞ അനുസരിക്കുക എന്ന ധർമ്മം ശിരസാവഹിക്കാൻ തീർച്ചപ്പെടുന്ന രാമൻ ‘സ്വർഗത്തെക്കാൾ വലുതെന്ന്’ ആണയിട്ട മാതൃവാക്യം അനുസരിക്കാൻ ലവലേശം താല്പര്യം കാണിക്കുന്നില്ല. ഇതിൽ നിന്ന്, രാമധർമ്മം അമ്മയെ അനുസരിക്കലല്ല അച്ഛനെ അനുസരിക്കലാണെന്നും അതുകൊണ്ടുതന്നെ രാമരാജ്യധർമ്മം ആത്യന്തികമായി ആൺകോയ്മാപരമാണെന്നും പറയാം. പുരുഷാധിപത്യ ഭരണവ്യവസ്ഥയിൽ താതവാക്യത്തിനുളള പ്രാമാണ്യം തായ്ച്ചൊല്ലിനു നൽകുവാൻ ഏതു ജന്മഭൂമിയിലും ഒരു ശ്രീരാമനും തയ്യാറാകില്ല എന്നു ചുരുക്കം.


ഇതൂകൂടി വായിക്കൂ;വേദജ്ഞനായ ഹനുമാന്‍ വാനരനോ വനനരനോ…!


അമ്മയെ അനുസരിക്കുന്ന മകനോ മകളോ ആയിരിക്കലാണോ അതോ അച്ഛനെ അനുസരിക്കുന്ന മകനോ മകളോ ആവലാണോ രാമമാർഗ ധർമ്മചര്യ എന്നൊരു ചോദ്യമെങ്കിലും നമ്മുടെ കുട്ടികൾക്ക് രാമായണമാസ ക്വിസ് മത്സരങ്ങളിൽ അഭിമുഖീകരിക്കാനുണ്ടാവണം. മാതാ പിതാ ഗുരു എന്നിവരെ ദൈവതുല്യം മാനിച്ചനുസരിക്കലാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമ ധർമ്മമാർഗം എന്നൊന്നും പറഞ്ഞു തടിതപ്പാൻ ആരെയും അനുവദിച്ചുകൂടാ. കാരണം ധർമ്മവിചാരത്തെ ഒരു വിധത്തിലും അലസമായ വാചക കസർത്താക്കി അധഃപതിപ്പിക്കരുത്. അമ്മയും അച്ഛനും പറയുന്നതു പരസ്പര വിരുദ്ധമായാൽ ആരെ അനുസരിക്കുന്നതാവും ധർമ്മം? അച്ഛൻ കാടുപൂകാനും അമ്മ നാട്ടിൽ വാഴാനും രാമനോട് കല്പിച്ചപ്പോൾ രാമൻ അച്ഛനെ അനുസരിച്ചത് ധർമ്മമാണെന്നു പറയുന്നവർ, രാമൻ അമ്മയെ അനുസരിച്ചു നാട്ടിൽത്തന്നെ വാഴാൻ തീരുമാനിച്ചിരുന്നെങ്കിൽ അതെന്തുകൊണ്ട് അധർമ്മമാകും എന്നുകൂടി വിശദീകരിക്കാൻ ബാധ്യസ്ഥരല്ലേ? ഉത്തരം നാം കണ്ടെത്തുകയും പറയാൻ ബാധ്യതപ്പെട്ടവരെക്കൊണ്ട് പറയിപ്പിക്കുകയും വേണം. എന്തായാലും നമുക്ക് പെറ്റമ്മയും പിറന്നഭൂമിയും ഏതു സ്വർഗത്തെക്കാളും വലുതാവേണ്ടതുണ്ട്. കാരണം പിറന്നഭൂമിയും പെറ്റമ്മയും കൂടാതെ ഒരു പ്രവാചകനും ഒരു വിപ്ലവകാരിയും ഒരു കവിയും ഒരു ശാസ്ത്രജ്ഞനും ജവാനും കിസാനും ഒരു മനുഷ്യ ജീവിതവും ഭൂമിയിൽ സംഭവിക്കുകയില്ലല്ലോ.

Exit mobile version