പ്രായപൂർത്തിയാകാത്ത 15കാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്ന വീഡിയോകളും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വശത്താക്കി ലൈംഗിക ബന്ധം ചിത്രീകരിക്കണമെന്നാവശ്യപ്പെട്ട കൊല്ലം സ്വദേശിയായ പ്രതി കൊച്ചിയിൽ പിടിയിലായി.
ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയോട് അടുപ്പം കാണിച്ച് മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോയും ഫോട്ടോയും നൽകിയില്ലെങ്കിൽ മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊല്ലം, പുന്നല, പിറവന്തൂർ, കാരാവൂരിൽ ബിപിൻ ബി ആണ് പിടിയിലായത്. പാലക്കാട് സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൊച്ചിയിൽ ടാറ്റൂ കലാകാരനും കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർത്ഥിയുമാണ്.
കേസിന്റെ സങ്കീർണത കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി രാജേഷ് കുമാർ, സൗത്ത് സിഐ വിപിൻകുമാർ, എസ് ഐ മാരായ, ഹേമലത. വി, സുനിൽ എം, എ എസ് ഐ മാരായ ബിജു, നവോജ്, മറ്റു പൊലീസ് ഉദ്യോഗസ്ഥരായ രജീദ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രതിയെ കൃത്യമായി അറിയാത്തതും, മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിചയപ്പെടുന്നതിനാൽ പ്രതിയെ കണ്ടെത്തുക സങ്കീർണത നിറഞ്ഞതായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് സൈബർ പൊലീസിന്റെയും സമാന രീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെയും പാത പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊച്ചിയിൽ നിന്നും പിടികൂടിയത്. പ്രതി സമാനരീതിയിൽ ധാരാളം പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ട് ചതിയിൽപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

