Site iconSite icon Janayugom Online

ടിസിഎസ് 20000 പേരെ പിരിച്ചുവിട്ടു

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 20000 ത്തിലേറെപ്പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. രണ്ടാം പാദത്തിലെ ഫലങ്ങൾക്കൊപ്പം പുറത്തുവന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ടിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ പാദത്തിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 20,000 ത്തോളം പേരുടെ കുറവുണ്ടായി. ടിസിഎസ് കൂട്ടപിരിച്ചുവിടലുകൾ നടത്തുകയാണെന്ന് ഐടി ജീവനക്കാരുടെ യൂണിയനായ നാഷണൽ ഇൻഫർമേഷൻ ടെക്നോളജി സെൻ്റർസ് എംപ്ലോയീസ് സെനറ്റ് ആരോപിച്ചു.

2025–26 സാമ്പത്തിക വർഷത്തിന്റെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 19,755 കുറഞ്ഞ് 5,93,314 ആയതായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുളള രേഖകള്‍ വ്യക്തമാക്കുന്നു. എഐയുടെ പ്രചാരം കണക്കിലെടുത്ത് കമ്പനി ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ മാത്രമായി കമ്പനി വിശദീകരിക്കുന്നു. ആറായിരം പേരെ മാത്രമാണ് ഒഴിവാക്കിയതെന്നും മാധ്യമ റിപ്പോർട്ടുകളിൽ പ്രചരിക്കുന്നത് അങ്ങേയറ്റം അതിശയോക്തി കലർന്ന സംഖ്യകളാണെന്നും ടിസിഎസ് അറിയിച്ചു.

Exit mobile version