Site iconSite icon Janayugom Online

തേയില ഉല്പാദനം കുറയുന്നു; ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

രാജ്യത്ത് തേയില ഉല്പാദനം കുറയുന്നതായി കണക്കുകള്‍. മേയ് മാസത്തില്‍ ഇന്ത്യയുടെ തേയില ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനത്തിലധികം ഇടിഞ്ഞ് 90.92 ദശലക്ഷം കിലോഗ്രാം ആയി കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. വേനലും മഴക്കുറവുമാണ് ഉല്പാദനം കുറയാന്‍ കാരണമെന്ന് ടീ ബോര്‍ഡ് പറയുന്നു.
രാജ്യത്തെ ഉല്പാദനത്തിന്റെ പകുതിയിലേറെ വരുന്ന അസമില്‍ 26 ശതമാനത്തിലേറെ ഇടിഞ്ഞ് 49.84 ദശലക്ഷം കിലോഗ്രാമിലെത്തി. സിടിസി ഗ്രേഡ് ചായയുടെ കയറ്റുമതി പ്രധാനമായും ഈജിപ്തിലേക്കും യുകെയിലേക്കുമായിരുന്നു. ഓര്‍ത്തഡോക്സ് ഇനം ഇറാഖ്, ഇറാന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം തേയിലത്തോട്ടങ്ങളുടെ പ്രവര്‍ത്തനത്തെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ഉല്പാദന ചെലവ് തോട്ടമുടമകളെ കൃഷി അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ നിരവധി തോട്ടങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തി.
ഇന്ത്യയിലെ ഒരു പ്രധാന തോട്ടം വ്യവസായമായിട്ടും തേയിലത്തോട്ടങ്ങള്‍ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സംഘടിത ഉല്പാദന മേഖലയിലെ ഏറ്റവും പഴക്കമുള്ള വ്യവസായങ്ങളിലൊന്നാണ് തേയിലത്തോട്ടങ്ങള്‍. അസം, പശ്ചിമ ബംഗാള്‍, കേരളം, തമി‌ഴ‌്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് പ്രധാനമായും തേയില ഉല്പാദിപ്പിക്കുന്നത്. കേരളത്തിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ മഴ കുറഞ്ഞത് ഉല്പാദനം കുറയുന്നതിനിടയാക്കി. 

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നെന്ന സ്ഥാനം തേയില തോട്ടങ്ങള്‍ക്കുണ്ട്. തേയിലത്തോട്ടങ്ങളിലോ വ്യവസായത്തിലോ സ്ഥിരം തൊഴിലാളികളുടെ എണ്ണം 10 ലക്ഷത്തിലധികം വരും. താല്‍ക്കാലികവും മറ്റ് വിഭാഗത്തിലുള്ളതുമായ തൊഴിലാളികളുടെ എണ്ണം ഏകദേശം ആറു ലക്ഷമാണ്. തേയിലത്തോട്ടങ്ങളില്‍ ഉല്പാദനം ഇടിയുന്നത് തൊഴിലാളികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. മോശം വേതന ഘടന, ക്ഷേമ സൗകര്യങ്ങളുടെ കുറവ് എന്നിവയും തൊഴിലാളികളെ ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Sum­ma­ry: Tea pro­duc­tion declines; The low­est lev­el in over a decade

You may also like this video

Exit mobile version