ജൂൺ മാസത്തിൽ ഇന്ത്യയിലെ തേയില ഉല്പാദനത്തിൽ ഇടിവ്. 137.85 ദശലക്ഷം കിലോഗ്രാമാണ് ആകെ ഉല്പാദനം. കഴിഞ്ഞവർഷം ഇതേമാസം തേയില ഉൽപ്പാദനം 143.12 ദശലക്ഷം കിലോഗ്രാമായിരുന്നു. രാജ്യത്ത് കാലം തെറ്റിയുള്ള തീവ്രമഴ മറ്റ് കൃഷികളെപ്പോലെ തേയിലയെയും ബാധിക്കുന്നുണ്ട്. തേയില ഉല്പാദനത്തിൽ ഇന്ത്യയിലെ ചെറുകിടക്കാരുടെ സംഭാവന 55 ശതമാനമാണ്.
ടീ ബോർഡ് പ്രൊവിഷണൽ ഡാറ്റ അനുസരിച്ച്, ഈ വര്‍ഷം ജൂണില്‍ തേയില ഉല്പാദനത്തിന്റെ അളവിൽ ഏകദേശം 3.7 ശതമാനം കുറവുണ്ടായി. മേഖലാടിസ്ഥാനത്തിൽ, ഉത്തരേന്ത്യയിൽ ഈ മാസം 109.70 ദശലക്ഷം കിലോഗ്രാം ഉല്പാദിപ്പിക്കപ്പെട്ടു. ദക്ഷിണേന്ത്യയിൽ ഉത്പാദനം 28.15 ദശലക്ഷം കിലോഗ്രാം ആയിരുന്നു. ജൂണില്‍ അസാമിൽ നിന്നുള്ള ഉല്പാദനം 63.51 ദശലക്ഷം കിലോഗ്രാമായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ഉല്പാദനം മുമ്പത്തെ സമാന കാലയളവിലെ അതേ മാസത്തിൽ 75.16 ദശലക്ഷം കിലോഗ്രാം ആയിരുന്നു. ഉത്തരേന്ത്യയിലെ മറ്റ് പ്രധാന ഉല്പാദകരാണ് പശ്ചിമബംഗാൾ. എന്നാൾ ബംഗാളിലെ ഉല്പാദനം കഴിഞ്ഞവർഷത്തെ ഇതേ സമയത്തേക്കാൾ വർധിച്ചിട്ടുണ്ട്. 42.64 ദശലക്ഷം കിലോഗ്രാമാണ് ജൂണിലെ ഉല്പാദനം.
കഴിഞ്ഞവർഷം സമാനകാലയളവിൽ ഇത് 40. 42 ദശലക്ഷം കിലോഗ്രാം ആയിരുന്നു. അനുചിതമായ കാലാവസ്ഥയും തോട്ടങ്ങളിലെ കീടങ്ങളുടെ ആക്രമണവുമാണ് ഉല്പാദന ഇടിവിന് കാരണമെന്ന് ഇന്ത്യൻ ടീ അസോസിയേഷൻ (ഐടിഎ) പറഞ്ഞു. അസം, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ തേയില ഉല്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉൾപ്പെടെയുള്ള കാലാവസ്ഥയും മതിയായ മഴയുടെ അഭാവവും വിളയുടെ ഗുണത്തെയും അളവിനെയും ബാധിച്ചിട്ടുണ്ട്.
English Summary: Tea Production Drops 3.7% To 137.85 Million Kg In June
You may also like this video