നിയന്ത്രണമില്ലാത്ത ഇറക്കുമതിയും കയറ്റുമതി രംഗത്തെ സ്തംഭനാവസ്ഥയും തേയില ഉല്പാദന മേഖലയുടെ നട്ടെല്ലൊടിക്കുന്നു. കേരളത്തിലെ തോട്ടം മേഖലയെയും ആയിരക്കണക്കിന് തൊഴിലാളികളെയും ഈ സ്ഥിതി രൂക്ഷമായി ബാധിക്കും.
തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള അസമിൽ നിന്നും കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുമാണ് തേയില കയറ്റുമതി നടക്കുന്നത്. ഇപ്പോൾ, കയറ്റുമതി രംഗത്ത് സംഭവിച്ചിരിക്കുന്ന സ്തംഭനാവസ്ഥയ്ക്കു കാരണങ്ങൾ പലതാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്നത് റഷ്യയിലേക്കാണ്. യുദ്ധം തുടങ്ങിയതോടെ, നേരത്തേ മുതൽ കയറ്റുമതിയിൽ അനുഭവപ്പെട്ടിരുന്ന മരവിപ്പ് പൂർണമായി.
2020‑ൽ 52 ദശലക്ഷം ക്വിന്റൽ തേയിലയാണ് റഷ്യയിലേക്കു കയറ്റുമതി ചെയ്തത്. ഇത് ’21 ആയതോടെ, 45 ദശലക്ഷം ക്വിന്റലായി കുറഞ്ഞിരുന്നു. യുദ്ധത്തിന്റെ സാഹചര്യം കൂടിയായതോടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ നിന്നു മുൻകൂർ ലഭിച്ചിരുന്ന സാമ്പത്തിക ആനുകൂല്യങ്ങളുമില്ലാതായി. അടുത്തത്, പല ഘട്ടങ്ങളിലായി തേയില വാങ്ങിയ വകയിൽ വൻ തുക റഷ്യ കുടിശിക വരുത്തിയതാണ്. ഈ വകയിൽ 700 കോടിയോളം രൂപ കിട്ടാനുണ്ടെന്നു തേയില കയറ്റുമതിക്കാർ പറയുന്നു.
കുടിശിക കൃത്യമായി കിട്ടാത്തതും ഇനി എന്നു കിട്ടുമെന്ന് ഉറപ്പില്ലാത്തതും മേഖലയ്ക്കു വലിയ തിരിച്ചടിയായിരിക്കുകയാണ്. കണ്ടെയ്നറുകളുടെ ക്ഷാമം കയറ്റുമതിക്കാർക്കു ഭീഷണി ഉയർത്തുന്നതിനിടയിൽ ചരക്കു കടത്ത് നിരക്കിലുണ്ടായ വർധന താങ്ങാനാവാത്തതായി. മൂന്നു വർഷത്തിനിടയിൽ നിരക്ക് പല മടങ്ങായാണ് വർധിച്ചത്. ഇതോടെ, പല രാജ്യങ്ങളും അതതിടങ്ങളിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്തു.
യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നതാണ് രാജ്യത്തെ തേയില വ്യവസായത്തിന്റെ അടിവേര് മാന്തുന്ന മറ്റൊരു മുഖ്യ ഘടകം. കേന്ദ്ര അനുമതിയുടെ ബലത്തിൽ കെനിയ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നു വില തീരെ കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ തേയില ഇന്ത്യയിലേക്കൊഴുകുകയാണ്. കയറ്റുമതി ചെയ്യുന്നതിനെക്കാൾ വലിയ അളവിൽ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഓരോ വർഷവും വരവ് കൂടുന്നുണ്ടുതാനും. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മികച്ചയിനം തേയിലയുമായി കൂട്ടിക്കലർത്തി ഇറക്കുമതി വസ്തു കുത്തക വ്യാപാരികൾ രാജ്യത്തു തന്നെ വിറ്റഴിക്കുകയും ചെയ്യുന്നു. ഇറക്കുമതി നിയന്ത്രിക്കണമെന്നും കയറ്റുമതിക്കു സഹായകമായ സാഹചര്യം ഒരുക്കണമെന്നും കേന്ദ്രത്തോട് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
English Summary: Tea production sector in crisis
You may like this video also