Site icon Janayugom Online

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘തീവ്രവാദി‘യെന്ന് വിളിച്ച് അധിക്ഷേപിച്ച് അധ്യാപകന്‍; വിദ്യാര്‍ത്ഥിയുടെ പ്രതികരണത്തില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

terrorists

കര്‍ണാടകയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘തീവ്രവാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് അധ്യപകന്‍. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലാണ് സംഭവം. മുസ്‌ലിം വിഭാഗത്തെ വിശദീകരിക്കുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചത്. എന്നാല്‍ തന്റെ മതത്തെ ഇങ്ങനെ പരിഹസിക്കരുതെന്നും ഇന്ന് രാജ്യത്തെ എല്ലാ മുസ്ലിങ്ങളും നേരിടുന്ന ഇത്തരം അധിക്ഷേപങ്ങള്‍ ഒരിക്കലും തമാശയായി കണക്കാക്കാനാവില്ലെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു. ഇങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യമുണ്ടായി എന്നും വിദ്യാര്‍ത്ഥി ചോദിച്ചു. 

അതേസമയം നീ എനിക്ക് എന്റെ മകനെ പോലെയാണ് എന്നായിരുന്നു അധ്യാപകന്റെ മറുപടി. സംഭവത്തില്‍ അധ്യാപകന്‍ മാപ്പ് പറയുന്നുണ്ട്. എന്നാല്‍ മകനെ തീവ്രവാദിയെന്ന് വിളിക്കുമോ, ഇത്രയും വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് എങ്ങനെ അത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നുവെന്നും വിദ്യാര്‍ത്ഥി വീണ്ടും അധ്യാപകനോട് ചോദിച്ചു. അധ്യാപകന്‍ അധ്യാപകനെപ്പോലെ പെരുമാറണം, മാപ്പ് പറഞ്ഞതുകൊണ്ടൊന്നും വിളിച്ചതിന് മാറ്റം വരികയില്ലെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു. 

യുനെസ്കോയുടെ ചെയര്‍മാന്‍ അശോക് സ്വെയിന്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു അധ്യാപകന്‍, തന്റെ ക്ലാസ് റൂമില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിക്കുകയാണ്, ഇതാണ് രാജ്യത്ത് എന്നാ ന്യൂനപക്ഷ ജനങ്ങളും നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു. 

സംഭവം വിവാദമായതിന് പിന്നാലെ അധ്യാപകനെ ക്ലാസ് എടുക്കുന്നതില്‍ നിന്ന് അധികൃതര്‍ വിലക്കിയിട്ടുണ്ട്. അന്വേഷണത്തിനായി ഒരു സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ സമൂഹമാധ്യത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകന്‍ അധിക്ഷേപിക്കുമ്പോള്‍ പ്രതികരിക്കാതിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Teacher abus­es Mus­lim stu­dent by call­ing him ‘ter­ror­ist’; Social media and video by clap­ping at the stu­den­t’s response

You may also like this video

Exit mobile version