അധ്യാപികയ്ക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. ചമ്പക്കുളം ഗവണ്‍മെന്റ് എൽ പി സ്കൂളിലെ അധ്യാപിക ആറാട്ടുപുഴ വലിയഴീക്കൽ വേലിയിൽ ആർ ധന്യ(35)യ്ക്കാണ് തെരുവ് നായ്ക്കൂട്ടത്തിന്റെ കടിയേറ്റത്. കഴിഞ്ഞദിവസം തറയിൽക്കടവ് ജംങ്ഷന് സമീപമാണ് സംഭവം. സ്കൂളിലേക്ക് പോകും വഴി ധന്യ കുടുംബവീട്ടിൽ കയറി. തുടർന്ന്, തിരികെ റോഡിൽ വെച്ചിരുന്ന സ്കൂട്ടറിന്റെയടുത്തേക്കു വഴുമ്പോഴാണ് കൂട്ടത്തോടെയെത്തിയ നായ്ക്കൾ ചാടിവീഴുന്നത്.
ആ സമയം റോഡിൽക്കൂടി വന്ന രണ്ടു പേരാണ് നായ്ക്കളെ തുരത്തി ധന്യയെ രക്ഷപ്പെടുത്തിയത്. തുട ഭാഗത്തു കടിയേറ്റ ധന്യ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ഡിസംബർ 24ന് ആറാട്ടുപുഴയിൽ 81കാരിയെ തെരുവു നായ്ക്കൾ കടിച്ചു കൊന്നിരുന്നു. ഇതിന് അരക്കിലോമീറ്ററോളം വടക്കുമാറിയാണ് നരഭോജികളായ നായ്ക്കൂട്ടം വീണ്ടും ആക്രമണം നടത്തിയത്.

