Site iconSite icon Janayugom Online

ക്ലാസ് മുറിയില്‍ കോളജ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ച് അധ്യാപിക; വീഡിയോ വൈറലായതോടെ അന്വേഷണം

കോളജ് വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയ കോളജിലെ അധ്യാപികയാണ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥ വിവാഹമായിരുന്നില്ലെന്നും പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരമൊരു സംഭവമെന്നും അധ്യാപികയുടെ വാദം. സംഭവത്തിന് പിന്നാലെ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി.

അധ്യാപിക പായല്‍ ബാനര്‍ജിയെയും വിവാഹമാല കഴുത്തിലണിഞ്ഞ വിദ്യാര്‍ഥിയെയും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ ചുറ്റുമുള്ളവര്‍ കുരവയിടുന്നതും കേള്‍ക്കാം. കണ്ടുനിന്നവര്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയത്. സൈക്കോളജി അധ്യാപികയായ പായല്‍ പറയുന്നത് മനഃശാസ്ത്ര ക്ലാസില്‍ ആശയങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നാണ് പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് ആരൊക്കെയോ ഇത് പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അധ്യാപിക പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോളജ് അധികൃതര്‍ ഇടപെട്ടത്.

വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ തപസ് ചക്രബര്‍ത്തി വ്യക്തമാക്കി. പ്രത്യേക കമ്മിറ്റി രൂപികരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട് ക്ലാസില്‍ നടത്തിയ ഒരു പ്രവൃത്തി എന്നാണ് അധ്യാപിക നല്‍കിയിരിക്കുന്ന വിശദീകരണം. അധ്യാപികയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ അധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അധ്യാപികയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറഞ്ഞു. 

Exit mobile version