Site iconSite icon Janayugom Online

മകളെയും കൂട്ടി കസേരയിലിരുന്ന് തീകൊളുത്തി അദ്ധ്യാപിക ; രണ്ടു പേരും മരിച്ചു, സ്ത്രീധനപീഡനമെന്ന് ആരോപണം

മൂന്നുവയസ്സുള്ള മകളെയും കട്ട് സ്കൂള്‍ അദ്ധ്യാപിക തീകൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. ജോധ്പുരിലെ സ്കൂളുകളില്‍ അധ്യാപികയായ സഞ്ജു ബിഷ്‌ണോയി, മകള്‍ യശ്വസി എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപ് ബിഷ്‌ണോയിക്കെതിരേയും ഭര്‍തൃമാതാപിതാക്കള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് ഭര്‍തൃവീട്ടില്‍വെച്ച് സഞ്ജു മകളെയും കൂട്ടി തീകൊളുത്തിയത്. 

വൈകീട്ട് സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയ സഞ്ജു വീട്ടിനുള്ളില്‍ മകളെയും കൂട്ടി കസേരയില്‍ ഇരിക്കുകയും പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവസമയത്ത് ഭര്‍ത്താവോ മറ്റുള്ളവരോ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട സമീപവാസികളാണ് വീട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. തുടര്‍ന്ന് തീയണച്ചെങ്കിലും മൂന്നുവയസ്സുള്ള മകള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയും മരിച്ചു. പൊലീസും, ഫൊറന്‍സിക് വിദഗ്ധരും സംഭവം നടന്ന വീട്ടില്‍ പരിശോധന നടത്തി. 

അധ്യാപികയുടെ ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു. ഭര്‍ത്താവിന്റെ ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവവും സ്ത്രീധനപീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചെന്നും കുറിപ്പില്‍ പറയുന്നു. ഇതിനുപുറമേ ഗണപത് സിങ് എന്നയാളും ഉപദ്രവിച്ചതായി കുറിപ്പിലുണ്ട്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ, യുവതിയുടെയും മകളുടെയും സംസ്‌കാരത്തെച്ചൊല്ലി യുവതിയുടെ വീട്ടുകാരും ഭര്‍തൃവീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങുമ്പോഴാണ് രണ്ടുവീട്ടുകാരും മൃതദേഹം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇത് തര്‍ക്കത്തിനിടയാക്കി. ഒടുവില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ യുവതിയുടെ കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു. 

Exit mobile version