Site iconSite icon Janayugom Online

അധ്യാപിക- വിദ്യാര്‍ത്ഥി വിവാഹം; വീഡിയോ പ്രചരിച്ചതോടെ രാജി സന്നദ്ധത അറിയിച്ച് പ്രൊഫസര്‍

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് വിവാഹം കഴിക്കുന്നതിന്റെ വീഡിയോ പ്രചരിച്ച സംഭവത്തില്‍ രാജി സന്നദ്ധത അറിയിച്ച് അധ്യാപിക. നിലവിലെ സാഹചര്യത്തിൽ അധ്യാപികയ്ക്ക് ജോലിയിൽ തുടരാൻ താത്പര്യമില്ലെന്ന് സർവകലാശാല രജിസ്ട്രാർ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ സ്ഥാപനത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അവർ നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജനുവരി 16‑ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ജനുവരി 28‑നാണ് പുറത്തുവന്നത്. നാദിയിലെ മൗലാന അബുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുന്‍ മേധാവി പായല്‍ ബാനര്‍ജിയും ഒരു വിദ്യാര്‍ഥിയുമായിരുന്നു വൈറലായ വിവാഹദൃശ്യങ്ങളിലുള്ളത്. എന്നാൽ, വിഷയം വിവാദമായതോടെ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് വ്യക്തമാക്കി അധ്യാപിക രംഗത്തെത്തി.

സംഭവത്തിൽ, കോളജ് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും പായലിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.തുടർന്ന്, ഫെബ്രുവരി ഒന്നിനാണ് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് ഇവർ മെയിൽ അയച്ചത്.ഇക്കാര്യം പരി​ഗണനയിലാണെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു.വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങളിലേക്ക് ഇത് വഴിമാറി. ഇതോടെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമാണെന്നും യഥാര്‍ത്ഥമല്ലെന്നും പ്രൊഫസര്‍ സര്‍വകലാശാല അധികൃതരോട് വിശദീകരിച്ചു. കോളജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ മോശമാക്കി കാണിക്കാന്‍ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്നും അവര്‍ ആരോപിച്ചു. 

Exit mobile version