മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുകയും നാനാമത വിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള നാട്ടിൽ മതസ്പർധയും വൈരവും വളരാൻ സഹായിക്കുന്ന വാർത്തകൾ ചുറ്റുനിന്നും കേൾക്കുന്നു. ഉത്തർപ്രദേശിലെ ഒരു വിദ്യാലയത്തിൽ ഒരു കുട്ടിയുടെ മുഖത്ത് മറ്റു മതവിശ്വാസികളായ കുട്ടികളെക്കൊണ്ട് അടിപ്പിക്കുന്നത് നാം കണ്ടു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് കരുതുകവയ്യ. വളരെ ആസൂത്രിതമായി വിദ്യാഭ്യാസത്തെ വർഗീയതയുമായി സമരസപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ചരിത്ര, ശാസ്ത്ര വിദ്യാഭ്യാസങ്ങള്‍ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മുമ്പെല്ലാം ചില പ്രദേശങ്ങളിൽ ചില അധ്യാപകർ അവരവരുടെ താല്പര്യത്തിനനുസരിച്ച് അപൂര്‍വം ചില കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് ഭരണഘടനാസ്ഥാപനങ്ങൾ തന്നെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പരസ്യമായി ലംഘിക്കുന്ന അവസ്ഥയുണ്ടായിവരുന്നു. അതിന്റെ ഭാഗമായി തങ്ങൾക്കിഷ്ടമില്ലാത്ത പാഠഭാഗങ്ങൾ യാതൊരു അക്കാദമിക നീതികരണവുമില്ലാതെ വെട്ടിമാറ്റുന്നു. വിദ്യാഭ്യാസമെന്നത് ഇന്നലെകളിൽ നടന്ന സമൂഹചലനങ്ങളെ മനസിലാക്കൽ കൂടിയുള്ളതാണ്. അതിന്റെ പിൻബലത്തിൽ ഇന്നത്തെ സമൂഹചലനങ്ങളെ യുക്തിഭദ്രമായി വിശകലനം ചെയ്യലും നാളത്തെ സമൂഹപരിവർത്തനങ്ങളെക്കുറിച്ചുള്ള ഊഹങ്ങൾ മുന്നോട്ടുവയ്ക്കലും വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യതയാണ്.
ഇതിനുള്ള കുട്ടികളുടെ കഴിവിനെ അവരുടെ പ്രായവും പ്രകൃതവും പരിഗണിച്ച് വളർത്താനും വികസിപ്പിക്കാനും ഉള്ള പൊതുവിടങ്ങളാണ് വിദ്യാലയങ്ങൾ. പ്രകൃതിയിലെയും സമൂഹത്തിലെയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയും അവയ്ക്കുള്ളിൽ ഒരുമിച്ച് പരസ്പരം സഹകരിച്ചും അംഗീകരിച്ചും സഹവർത്തിക്കാനുള്ള മാനസികവും വൈകാരികവും വൈചാരികവുമായ സജ്ജമാകൽ പ്രക്രിയയാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത്. മത, ജാതി വിദ്വേഷങ്ങൾ വളർത്താൻ ഇടനൽകുന്ന ഒരു പ്രവർത്തനവും വിദ്യാലയങ്ങളിൽ നടക്കാൻ പാടില്ലാത്തതാണ്. ഇത്തരം കാര്യങ്ങളിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നാണ് ആനുകാലിക സംഭവവികാസങ്ങൾ നമ്മോട് പറയുന്നത്. അതിനുള്ള അവസരമാക്കി ഈ വർഷത്തെ അധ്യാപകദിനത്തെ നമുക്ക് പ്രയോജനപ്പെടുത്താം.
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനായ അധ്യാപകശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമുക്ക് അധ്യാപകദിനം. അദ്ദേഹത്തിന്റെ ശിഷ്യർ ജന്മദിനം ആഘോഷിക്കണമെന്ന നിര്‍ദേശമറിയിച്ചപ്പോൾ വ്യക്തിനിഷ്ഠമായി ജന്മദിനമാചരിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം ആദിനം ഇന്ത്യയിലെ അധ്യാപകർക്കായി സമർപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും ഉന്നതമായ വ്യക്തിത്വത്തിന് ഉടമയായ ഡോ. എസ് രാധാകൃഷ്ണൻ ഉയർത്തിക്കാട്ടിയ സംഘബോധമാണ് അധ്യാപകദിനത്തിന്റെ തുടക്കത്തിന് കാരണമായത്. കേരളത്തെ മതനിരപേക്ഷ സംസ്ഥാനമാക്കി മാറ്റിയ മുന്നേറ്റങ്ങളുടെയെല്ലാം മുന്നണിയിൽ എന്നും അധ്യാപകരുണ്ടായിരുന്നു.
മതനിരപേക്ഷാവബോധവും വിതരണ നീതിയും എല്ലാവരെയും ഉൾച്ചേർക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനം വളർത്തുകയും ചെയ്യുന്നതിൽ കേരളത്തിലെ അധ്യാപകർ വഹിച്ച പങ്ക് നിസീമമാണ്. അധ്യാപനത്തെ കേവലം ശമ്പളം കിട്ടുന്ന ഒരു തൊഴിലിനപ്പുറത്തേക്ക് അതൊരു സാമൂഹിക പ്രവർത്തനമാണ് എന്ന നിലപാടാണ് പരിവർത്തനഘട്ടത്തിൽ കേരളത്തിലെ പുരോഗമനപക്ഷത്തു നിന്ന അധ്യാപകശ്രേഷ്ഠർ കൈക്കൊണ്ടത്. ഈ നിലപാട് ഇനിയും തുടരേണ്ടതുണ്ട്. എന്നാൽ സമൂഹത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായതുപോലെയുള്ള പങ്കാളിത്തം പുതുതലമുറയിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. എന്നും സമൂഹത്തോടൊപ്പം നിലനിന്നിരുന്ന അധ്യാപകരുടെ പിൻതലമുറയുടെ ഭാഗത്തുനിന്നും സന്നദ്ധതയുടെ അംശങ്ങൾ ഇല്ലാതായിപ്പോകുന്നുണ്ടോ എന്നതും വിലയിരുത്താൻ കഴിയേണ്ടതുണ്ട്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ നമ്മുടെ മുന്നേറ്റങ്ങളെ സ്ഥായിയാക്കാൻ എങ്ങനെ കഴിയുമെന്നുള്ള ആലോചനകളും നടക്കണം. നമുക്ക് ഇനിയും മുന്നേറാൻ കഴിയണം. മുഴുവൻ കുട്ടികളുടെയും കഴിവിനെ അംഗീകരിക്കുന്നതും ഏറ്റവും ഉന്നതിയിലേക്ക് അവരെ എത്തിക്കുന്നതിനുമുള്ള അവസരം ഉറപ്പാക്കാൻ കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി നടപ്പാക്കാൻ കഴിയൂ.
ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിനിടയില്‍ ഉയർന്നുവരുന്ന പരിമിതികളെ കണ്ടെത്താനും പരിഹരിക്കാനും വിദ്യാലയ സംവിധാനത്തിന് എങ്ങനെ കഴിയുമെന്നുള്ള ചർച്ചകളും നടക്കേണ്ടതുണ്ട്. പരീക്ഷയ്ക്ക് ഉന്നതവിജയം നേടുന്നത് മാത്രമായി വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താൻ കഴിയില്ല. സമൂഹത്തിന്റെ സമഗ്രമുന്നേറ്റത്തിൽ സ്കൂൾ വിദ്യാഭ്യാസം എന്തു പങ്ക് വഹിക്കണം എന്നത് സജീവമായി ചർച്ച ചെയ്യപ്പെടണം. ഇത്തരം സംവാദങ്ങൾ ജനാധിപത്യ മതനിരപേക്ഷ നവകേരളത്തിന്റെ രൂപീകരണത്തിൽ നിർണായകമാകും.
ഇന്ത്യയുടെ വൈവിധ്യവും വൈജാത്യവും ഉൾക്കൊള്ളുന്ന, ഭരണഘടന അംഗീകരിച്ച ഫെഡറൽ സംവിധാനം പോലും വെല്ലുവിളി നേരിടുന്നു. നാനാത്വത്തിൽ ഏകത്വം എന്നതിൽ നിന്നും മാറി നാനാത്വം വേണ്ട ഏകത്വം മതി എന്ന നിലപാടുകൾ ഉയർന്നുവരുമ്പോൾ അതിനെതിരെ നിലപാടെടുക്കാനും ബഹുസ്വരതയിലെ സൗന്ദര്യത്തെ, ദൃഢതയെ, ഐക്യബോധത്തെ എങ്ങനെയെല്ലാം കൂടുതൽ കൂടുതൽ ശക്തിപ്പെടുത്താം എന്ന ചർച്ചയും ഈ വർഷത്തെ അധ്യാപക ദിനവുമായി ബന്ധപ്പെടുത്തി നടക്കേണ്ടതുണ്ട്.
English Summary: Today is teacher’s day
You may also like this video