Site iconSite icon Janayugom Online

ടീം തോറ്റു, ബിജുക്കുട്ടൻ ജയിച്ചു

സംസ്ഥാന സ്കൂൾ കായിക മേളയില്‍ കോലഞ്ചേരി സെന്റ്പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജൂനിയർ വോളിബോൾ മത്സരത്തില്‍ ക്വാർട്ടറിൽ പാലക്കാടിനോട് തോറ്റെങ്കിലും വയനാടിനായി കളത്തിലിറങ്ങിയ ബിജുക്കുട്ടന്റെ പ്രകടനത്തിന്‌ കാണികളുടെ കയ്യടി. പത്തനംതിട്ട ടീമിനെ തോൽപ്പിച്ച് വയനാട് ക്വാർട്ടറിൽ എത്തുമ്പോൾ കാണികളുടെ പ്രതീക്ഷ മുഴുവന്‍ ബിജുക്കുട്ടനിലായിരുന്നു. തോൽപെട്ടി ജിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ആദിവാസി കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെടുന്ന സുരേഷിന്റെയും സിന്ധുവിന്റെയും മകനാണ് ബിജുക്കുട്ടൻ. തോട്ടം തൊഴിലാളികളാണ് അച്ഛനും അമ്മയും. ബിജുക്കുട്ടന് ജ്യേഷ്ഠ സഹോദരനും മൂന്ന് വയസുള്ള അനുജനുമുണ്ട്. മൂന്നാം ക്ലാസ് മുതൽ വോളിബോള്‍ കമ്പക്കാരനായ ബിജുവിന് പരാധീനതകൾ ഏറെയായിരുന്നു. നല്ല ബോളോ, ബൂട്ടോ, ജേഴ്സികളോ ഒന്നും ഇല്ലാതെ വോളിബോളിനെ സ്നേഹിച്ച ബിജുക്കുട്ടൻ സംസ്ഥാന കായിക മേളയിൽ എത്തിയതിന് പിന്നിൽ പരിശീലകനായ അപ്പുക്കുട്ടന്റെ കരങ്ങളാണ്. സ്കൂളിൽ നിന്നുള്ള കളി പരിചയമാണ് ബിജുക്കുട്ടനുള്ളത്. സംസ്ഥാന മത്സരം നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കളിക്കാനായതും ഇത്രയും ദൂരം കൂട്ടുകാർക്കൊപ്പം യാത്ര ചെയ്ത് എത്തിയതും മറക്കാനാവാത്തതാണെന്നും ബിജു ക്കുട്ടൻ പറയുന്നു. തിരുനെല്ലി പഞ്ചായത്ത് അഞ്ചാം വാർഡിലാണ് ബിജുക്കുട്ടന്റെ വീട്. കായിക പ്രേമിയായ കോലഞ്ചേരി സ്വദേശി ജെബിൻ രാജ് ബിജുക്കുട്ടന് സ്പോർട്സ് കിറ്റ് സമ്മാനിച്ചു. 

Exit mobile version