Site icon Janayugom Online

ടെക് കമ്പനികള്‍ ഒരു മാസം മാത്രം പിരിച്ചുവിടുന്നത് 68000 ജീവനക്കാരെ, ഫിലിപ്സിലും പിരിച്ചുവിടല്‍

ടെക് കമ്പനികളില്‍ ആരംഭിച്ച പിരിച്ചുവിടല്‍ മറ്റ് മേഖലകളിലേക്കു കൂടി വ്യാപിക്കുന്നുവെന്ന് സൂചന. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനികളിലൊന്നായ ഫിലിപ്സ് 6,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി അറിയിച്ചു. കമ്പനിയുടെ ലാഭക്ഷമത മെച്ചപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സൂചന. കമ്പനി പുറത്തിറക്കിയ ശ്വസനസംബന്ധമായ ഉപകരണങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചു വിളിക്കേണ്ടി വന്നതോടെ കമ്പനിയുടെ വിപണി മൂല്യം 70 ശതമാനം ഇടിഞ്ഞിരുന്നു. ഇതോടെ കമ്പനി വലിയതോതിലുള്ള പിരിച്ചുവിടല്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

പിരിച്ചുവിടല്‍ ഒറ്റയടിക്ക് ആയിരിക്കില്ല നടപ്പാക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 ഓടെ 3000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം അല്ലെങ്കില്‍ 4,000 ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പുതിയ നീക്കവുമായി കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

വന്‍കിട ടെക് കമ്പനികള്‍ ജനുവരിയില്‍ മാത്രം 68000 ജീവനക്കാരെ പിരിച്ചുവിട്ടതായിട്ടാണ് കണക്കുകള്‍. പ്രതിദിനം ശരാശരി രണ്ടായിരത്തിലേറെ പേരെയാണ് ലോകത്തെ പ്രശസ്തമായ 219 ടെക് കമ്പനികള്‍ പിരിച്ചുവിട്ടിരിക്കുന്നത്. 2022ല്‍ ആയിരത്തിലേറെ കമ്പനികള്‍ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടെന്നും ലേഓഫ്സ് വെബ്സൈറ്റ് പറയുന്നു. പിരിച്ചുവിടല്‍ വ്യാപകമായതോടെ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്നാണ് വിലയിരുത്തല്‍. ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് ഇന്നലെ മാര്‍ക്ക് സക്കര്‍ബര്‍ഗ് സൂചന നല്‍കി. മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരുടെ മാസശമ്പളം വെട്ടിച്ചുരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. 

Eng­lish Sum­ma­ry: Tech com­pa­nies lay off 68,000 jobs in just one month

You may also like this video

Exit mobile version