Site iconSite icon Janayugom Online

ടെക് ഫോഗ്; ഇരയാക്കപ്പെട്ടവരില്‍ കൂടുതല്‍ സ്ത്രീകളും മുസ്‌ലിങ്ങളും

tekfogtekfog

ബിജെപിയുടെ നിയന്ത്രണത്തിലുള്ള ടെക് ഫോഗ് ആപ്പിലൂടെ ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും വനിതകളും മുസ്‌ലിങ്ങളുമാണെന്ന് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വനിതകളെയും മതന്യൂനപക്ഷങ്ങളെയും അധിക്ഷേപിക്കാനും നിശബ്ദരാക്കാനും പിന്നണിയിലുള്ളവര്‍ ഒരുക്കിയത് വലിയ സന്നാഹങ്ങളാണെന്നാണ് വെളിപ്പെടുത്തല്‍. ന്യൂസ് പോര്‍ട്ടലായ ദ വയര്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗത്തിലാണ് ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനും അനുകൂലമല്ലാത്ത വാര്‍ത്തകള്‍ തയാറാക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തിയും അപമാനിതരാക്കിയും നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ വിശദീകരിക്കുന്നത്.

ലക്ഷ്യമിട്ടിരിക്കുന്ന വ്യക്തികളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡാറ്റാബേസ് ടെക് ഫോഗ് ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, കൊമേഡിയന്‍മാര്‍, സിനിമാതാരങ്ങള്‍, സമൂഹ്യമാധ്യമങ്ങളിലെ പ്രമുഖര്‍, മതനേതാക്കള്‍ തുടങ്ങിയ എല്ലാ മേഖലകളിലുമായുള്ള തങ്ങളുടെ വിമര്‍ശകരുടെ വയസ്, ജാതി, മതം, ലിംഗം, ലൈംഗികതാല്പര്യം, രാഷ്ട്രീയ ആഭിമുഖ്യം എന്നിവയെല്ലാം ആപ്പില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു. ഇതിനപ്പുറമായി, നിറം, അവയവങ്ങളുടെ വലിപ്പം എന്നിവ ഉള്‍പ്പെടെയുള്ള ശാരീരിക വിവരങ്ങള്‍ പോലും ആവശ്യമുള്ള സമയത്ത് അധിക്ഷേപത്തിന് ഉപയോഗിക്കുന്നതിനായി ടെക് ഫോഗ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്.

അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ വാക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതിനായി ആപ്പിന്റെ സെറ്റിങ്സില്‍ സജ്ജീകരിച്ചുവച്ചതായി സ്ക്രീന്‍ ഷോട്ടുകള്‍ വ്യക്തമാക്കുന്നു. 2021 ജനുവരി ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ക്ക് 46 ലക്ഷം മറുപടികള്‍ ലഭിച്ചതില്‍ 18 ശതമാനവും (എട്ട് ലക്ഷത്തിലധികം) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ടെക് ഫോഗ് നിയന്ത്രിക്കുന്ന അക്കൗണ്ടുകളിലൂടെയാണെന്ന് ദ വയര്‍ കണ്ടെത്തി. ഇതില്‍ 67 ശതമാനം, അതായത് 5.36 ലക്ഷം മറുപടികളും സ്ത്രീകളെ അപമാനിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ളതാണെന്നും അന്വേഷണത്തിലൂടെ വ്യക്തമായി. റാന അയ്യുബ്, ബര്‍ഖ ദത്ത്, നിധി റസ്ദാന്‍, രോഹിണി സിങ്, സ്വാതി ചതുര്‍വേദി തുടങ്ങിയവര്‍ക്കുനേരെയാണ് ബിജെപിയെ എതിര്‍ക്കുന്നുവെന്നതിന്റെ പേരില്‍ ഏറ്റവുമധികം ആക്രമണമുണ്ടായത്.

Eng­lish sum­ma­ry: Tech Fog; Most of the vic­tims were women and Muslims

you may also like this video

Exit mobile version