ഒല്ലൂർ നിയോജക മണ്ഡലത്തിലെ കൈനൂർ റഗുലേറ്റർ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു. പീച്ചി അണക്കെട്ടിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെ മണലിപ്പുഴയ്ക്ക് കുറുകെ നിർമിച്ച ഒരു സെമി പെർമനന്റ് സ്ട്രക്ച്ചറാണ് കൈനൂർ ചിറ. കൈനൂർ ഭാഗത്ത് മണലിപ്പുഴയുടെ ഇരുകരകളിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിനായി പ്രദേശവാസികളിൽ നിന്നും ഒരു ദശാബ്ദത്തിൽ ഏറെയായി ഉയർന്നുവന്നിരുന്ന ആവശ്യമാണ് റെഗുലേറ്റർ കം ബ്രിഡ്ജ് എന്നുള്ളത്. ഈ പ്രവർത്തി നടപ്പിലായാൽ ഇരു കരയിലേക്കുള്ള ഗതാഗതം എളുപ്പമാകും. ഇതുകൂടാതെ ചിറയുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ചെലവാകുന്ന തുക ഒഴിവാക്കാനും സാധിക്കും.
നിലവിലുള്ള കൈനൂർച്ചിറ പൂർണമായും പൊളിച്ചുമാറ്റി 46 മീറ്റർ നീളത്തിൽ പണിയുന്ന ആർസിബിയ്ക്ക് 10 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ ഉയരത്തിലുള്ള നാല് ഷട്ടറുകൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ആർസിബിയുടെ ഡെക്ക്സ്ലാബിന് 4.7 മീറ്റർ വീതിയാണുള്ളത് ഇരുകരകളിലേക്കുമുള്ള അപ്പ്രോച്ച് റോഡിന്റെ നിർമ്മാണവും റിവർ പ്രൊട്ടക്ഷൻ പ്രവർത്തികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഗുലേറ്ററിന്റെ ഷട്ടർ ഓപ്പറേഷനുകൾ എല്ലാം മെക്കാനിക്കൽ സഹായത്തോടെയാണ് ചെയ്യുന്നത്. ഈ പ്രവർത്തിക്കായി പത്തുകോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചതോടെ നിർമ്മാണം വേഗത്തിൽ തുടങ്ങാനാകും. 18 മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി. മെയ് രണ്ടിന് തുറക്കുന്ന രീതിയിൽ സൂപ്രണ്ടിംഗ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.