ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ഇന്ധന ചോർച്ചയും എഞ്ചിൻ തകരാറുകളും ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ വർധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ ജനുവരി മാസത്തിൽ തകരാറുകളുടെ നിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് കമ്പനിയുടെ ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ പുതിയ വെല്ലുവിളി.
റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2024 ഡിസംബറിൽ 1,000 വിമാനങ്ങളിൽ 0.26 ആയിരുന്ന തകരാർ നിരക്ക് 2025 ജനുവരിയിൽ 1.09 ആയി കുതിച്ചുയർന്നു. ജനുവരിയിൽ എയർ ഇന്ത്യ നടത്തിയ 17500 ലധികം സർവീസുകളിൽ 23 പ്രധാന സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്. ഇതിൽ 21 എണ്ണത്തിൽ എയർ ഇന്ത്യ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്‍ജിൻ ഓയിൽ ചോർച്ച, ഇന്ധന ചോർച്ച, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളിലെ പിഴവുകൾ, ഹൈഡ്രോളിക് പ്രശ്നങ്ങൾ എന്നിവയാണ് ജനുവരിയിൽ പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമെ യാത്രക്കാരെ വലച്ചുകൊണ്ട് വിമാനത്തിലെ ശുചിമുറികളിലും മറ്റും വെള്ളമില്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
വ്യോമയാന മന്ത്രാലയം പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം എയർ ഇന്ത്യയുടെ അവസ്ഥ അതീവ ഗൗരവകരമാണ്. പരിശോധിച്ച 166 എയർ ഇന്ത്യ വിമാനങ്ങളിൽ 82.5 % വിമാനങ്ങളിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തി. അതേസമയം രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോയിൽ ഇത് 36.5 % മാത്രമാണ്.
കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ 260 പേർ കൊല്ലപ്പെട്ടതിന് ശേഷം ഡിജിസിഎ എയർ ഇന്ത്യയെ കർശനമായി നിരീക്ഷിച്ചു വരികയാണ്. കൃത്യമായ സുരക്ഷാ പരിശോധനകളില്ലാതെ വിമാനം പറത്തിയതിന് അടുത്തിടെ ഒരു കോടി രൂപ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു. വിദേശ രാജ്യങ്ങളിലെ ഏവിയേഷൻ അതോറിട്ടികളും എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്.
സാങ്കേതിക വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ഇതിന്റെ ഭാഗമായി വിമാന ഭാഗങ്ങളുടെ ശേഖരം 30 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. എന്‍ജിനീയറിങ് വിഭാഗത്തിൽ കൂടുതൽ നിക്ഷേപം നടത്തുകയും എയർബസ്, ബോയിങ് വിമാനങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ആശങ്കയോടെ വ്യോമയാന മേഖല; എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ വർധിക്കുന്നു

