Site iconSite icon Janayugom Online

സംസ്ഥാനത്തെ പാലം നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങള്‍: മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി

സംസ്ഥാനത്ത് പാലം നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പൊതുമാരമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ഐഐടി, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും പ്രത്യകേ സമിതി രൂപീകരിക്കുക.പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർമാരെ കൂടി സമിതിയിൽ ഉൾപ്പെടുത്തും.

നിലവിൽ പിഡബ്ല്യുഡി മാന്വലിൽ നിഷ്ക്കർഷിച്ച കാര്യങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.പ്രവൃത്തിയിടങ്ങളിൽ കൂടുതലായി എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കണമെന്ന കാര്യങ്ങളും പരിശോധിക്കണം. സമിതി സമയബന്ധിതമായി റിപ്പോർട്ട് നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 

ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.പാലം നിർമ്മാണ പ്രവൃത്തികളിൽ അപകടങ്ങൾ സംഭവിക്കുന്നതിന് ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ കൂടി കാരണമാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുവാൻ മന്ത്രി നിർദ്ദേശിച്ചത്.യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്,ചീഫ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version