Site icon Janayugom Online

ടീസ്ത സെതല്‍വാദിനേയും ആര്‍ ബി ശ്രീകുമാറിനേയും വിട്ടയയ്ക്കണം; ആവശ്യവുമായി 2250 പ്രമുഖര്‍

ഗുജറാത്ത് കലാപത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനേയും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറിനേയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍. സംയുക്തമായി 2250ഓളം പ്രമുഖരാണ് ഇവരുടെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയത്.നിയമപ്രക്രിയകള്‍ മാനിക്കാതെയാണ് ടീസ്ത സെതല്‍വാദിനേയും, ആര്‍ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തതെന്നും ക്രിമിനല്‍ വത്ക്കരിച്ചുകൊണ്ടുള്ള നടപടി പുനപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.അരുണ റോയ്, ശബാന ആസ്മി, ആകാര്‍ പട്ടേല്‍, അഡ്മിറല്‍ രാംദാസ്, സയ്യിദ ഹമീദ്, രൂപര്‍ഖ വര്‍മ, ടി.എം. കൃഷ്ണ, രീയ ഹരിഹരന്‍, സന്ദീപ് പാണ്ഡെ, മല്ലിക സാരാഭായ് തുടങ്ങി നിരവധി പേരാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ശനിയാഴ്ചയാണ് ടീസ്ത സെതല്‍വാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.2002ല്‍ നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോഡി.നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.

വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചിരുന്നു.ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുജരാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ടീസ്തയെ അറസ്റ്റ് രേഖപ്പെടുത്തി നിമിഷങ്ങള്‍ക്കകമായിരുന്നു ഇത്.

Eng­lish Summary:Teesta Setal­vad and RB Sreeku­mar should be released; 2250 celebri­ties with demand

You may also like this video:

Exit mobile version