Site iconSite icon Janayugom Online

ജാമ്യം ആവശ്യപ്പെട്ട് ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയില്‍

ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ടീസ്ത സെതല്‍വാദ്. ജാമ്യപേക്ഷ ഈ മാസം 22നു പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചായിരിക്കും ടീസ്തയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.

2002ല്‍ നടന്ന ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസ്.കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസില്‍ മോദിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന് എസ്.ഐടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.ഐപിസി 194, 468 വകുപ്പുകള്‍ പ്രകാരം ടീസ്തയും ശ്രീകുമാറും കഴിഞ്ഞ മാസം മുതല്‍ ജയിലിലാണ്.

നേരത്തേ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ആര്‍ബിശ്രീകുമാര്‍ അസംതൃപ്തനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ആര്‍ബി ശ്രീകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹരജിക്കെതിരെയായിരുന്നു സംഘത്തിന്റെ സത്യവാങ്മൂലം.ഗുജറാത്ത് കലാപകേസില്‍ നിലവിലെ പ്രധാനമന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇവരുടെ അറസ്റ്റ്. സുപ്രീം കോടതി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ക്ലീന്‍ ചിറ്റ് നല്‍കിയ വിധി വന്നതിന് പിന്നാലെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹരജി കോടതി നിരസിക്കുകയായിരുന്നു.2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മോദിക്കെതിരെയുള്ള ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വിശദീകരിച്ചത്.

ശ്രീകുമാറും സംഘവും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും ടീസ്തയ്ക്കും സ്ഞ്ജീവ് ഭട്ടിനും വിഷയത്തില്‍ പങ്കാളിത്തമുണ്ടെന്നും, ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവത്തിന് ശേഷമുള്ള ദിവസങ്ങളില്‍ തന്നെ ശ്രീകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയെന്നും എസ്ഐടി അന്ന് ആരോപിച്ചിരുന്നു.

eng­lish Sum­ma­ry: Teesta Setal­vad seeks bail in Supreme Court

You may also like this video:

Exit mobile version