Site iconSite icon Janayugom Online

ഇന്ത്യയുടെ സ്വന്തം തേജസ് വിമാനത്തെ അടുത്തറിയാം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച, ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് രാജ്യം. പൈലറ്റ് കൊല്ലപ്പെട്ടുവെന്ന് വ്യോമസേന സ്ഥിരീകരിച്ചുകഴിഞ്ഞു. വെള്ളിയാഴ്ച പ്രാദേശികസമയം രണ്ടുമണിയോടെയാണ് അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം വിമാനം അപകടത്തില്‍പ്പെട്ടത്.
കൃത്യം രണ്ട് വര്‍ഷം മുമ്പ് 2023 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്നത്. ഇതോടെ യുദ്ധവിമാനത്തിലേറി പറക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡി.
2003ലാണ് വിമാനത്തിന് തേജസ് എന്ന പേര് നല്‍കുന്നതും. ഇതേവര്‍ഷമാണ് ആദ്യ തേജസ് വിമാനം പറന്നുയര്‍ന്നും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഒറ്റ എന്‍ജിനുള്ള ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പെട്ട യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും (എച്ച്എഎല്‍) എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും (എഡിഎ) സംയുക്തമായാണ് വ്യോമസേനയ്ക്കുവേണ്ടി തേജസ് വിമാനം വികസിപ്പിച്ചത്. അലൂമിനിയം-ലിഥിയം ലോഹസങ്കരങ്ങള്‍ക്കും ടൈറ്റാനിയം ലോഹസങ്കരങ്ങള്‍ക്കും ഒപ്പം അത്യാധുനിക കാര്‍ബണ്‍ ഫൈബര്‍ കോംപോസിറ്റ് മെറ്റീരിയലുകളും ഉപയോഗിച്ചാണ് തേജസിന്റെ നിര്‍മാണം. വിമാനത്തിന്റെ ആകെ ഭാരത്തിന്റെ 45 ശതമാനവും ഇവയുടേതാണ്. ചെറുതും ഭാരം കുറഞ്ഞതുമായ സൂപ്പര്‍സോണിക് (ശബ്ദത്തേക്കാള്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന) യുദ്ധവിമാനമെന്ന നിലയില്‍ തേജസ് വിമാനങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമാണ്. തദ്ദേശീയമായാണ് വികസിപ്പിച്ചതെങ്കിലും തേജസ് വിമാനങ്ങളുടെ എന്‍ജിനുകള്‍ വിദേശനിര്‍മ്മിതമാണ്.
പ്രധാനമായി മൂന്ന് തരം തേജസ് വിമാനങ്ങളാണുള്ളത്. എല്‍സിഎ തേജസ് മാര്‍ക്ക് വണ്‍ എന്നയുദ്ധവിമാനമാണ് നിലവില്‍ വ്യോമസേനയുടെ ഭാഗമായുള്ളത്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്നതും (സിംഗിള്‍ സീറ്റര്‍) രണ്ടുപേര്‍ക്ക് പോകാവുന്നതുമായ (ട്വിന്‍ സീറ്റര്‍) രണ്ട് തരം മാര്‍ക്ക് വണ്‍ തേജസ് യുദ്ധവിമാനങ്ങളാണുള്ളത്. തേജസ് മാര്‍ക്ക് വണ്‍ യുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എല്‍സിഎ തേജസ് മാര്‍ക്ക് വണ്‍ എ. റഡാര്‍ സംവിധാനങ്ങള്‍, ശത്രുക്കളുടെ റഡാറില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങള്‍, ആയുധശേഷി എന്നിവയിലെല്ലാം മാര്‍ക്ക് വണ്ണിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതാണ് മാര്‍ക്ക് വണ്‍ എ.
അതേസമയം തേജസിൽ ഉപയോഗിക്കുന്ന ആകെ 344 എൽആർയുകളിൽ 210 എണ്ണം തദ്ദേശീയമായി നിർമ്മിക്കുന്നവയാണ്. 134 എണ്ണം ഇപ്പോഴും വിദേശ കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ആശ്രിതത്വം കുറയ്ക്കുന്നതിനായി, ഇറക്കുമതി ചെയ്ത ഈ യൂണിറ്റുകളിൽ 42 എണ്ണം ഇപ്പോൾ തദ്ദേശീയവൽക്കരിക്കപ്പെടുന്നു.
ദുബായില്‍ വെള്ളിയാഴ്ച ഉണ്ടായതുള്‍പ്പെടെ 24 വര്‍ഷത്തിനിടെ ആകെ രണ്ട് തവണയാണ് തേജസ് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനില്‍ വെച്ചാണ് ആദ്യത്തെ അപകടമുണ്ടാകുന്നത്. ജയ്‌സാല്‍മീറിലെ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. എന്നാല്‍ വീഴുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതിനാല്‍ (ഇജക്ട് ചെയ്തു) പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. തേജസിന്റെ ചരിത്രത്തിനിടെയുണ്ടായ ആദ്യ അപകടമായിരുന്നു ഇത്. സാങ്കേതിക തകരാറ് കാരണം എന്‍ജിന്‍ നിശ്ചലമായതാണ് അപകടമുണ്ടായത് എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.

Exit mobile version